തിരുവനന്തപുരം: കേരളത്തിന്റെ തീരാ നോവായി മാറിയ വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് അടക്കം സർക്കാർ വകയിരുത്തിയ എസ്റ്റിമേറ്റ് തുകയുടെ കണക്കുകൾ പുറത്ത്.
ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയാണ് എസ്റ്റിമേറ്റിലുള്ളത്. ഇതനുസരിച്ച് 359 മൃതദേഹങ്ങൾ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം രൂപയാണ് വകയിരുത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വന്ന വളണ്ടിയർമാർക്ക് ടോർച്ച്, അംബ്രല്ല, റെയിൻകോട്ട്, ഗംബൂട്ട് എന്നിവയടങ്ങിയ യൂസേഴ്‌സ് കിറ്റ് നൽകിയ വകയിൽ 2 കോടി 98 ലക്ഷം രൂപയും വളണ്ടിയർമാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപയും ചെലവിനത്തിൽ വകയിരുത്തി.
സൈനികർക്കും വളണ്ടിയർമാർക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടിയും ഇവരുടെ താമസത്തിനായി 15 കോടി രൂപയും ചെലവഴിച്ചതായും കണക്കുകളിലുണ്ട്. വളണ്ടിയർമാർക്കും സൈനികർക്കും ചികിത്സാ ഇനത്തിൽ രണ്ടു കോടി രണ്ടു ലക്ഷം രൂപയും, വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രം വാങ്ങാനായി 11 കോടി രൂപയും വകയിരുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി വകയിരുത്തി. ചൂരൽമലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൂന്നു കോടിയും ബെയ്‌ലി പാലത്തിന്റെ കല്ലുകൾ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികൾക്ക് ഒരു കോടിയും വകയിരുത്തി. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ ചെലവിനത്തിൽ എട്ടു കോടിയും ക്യാമ്പുകളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച ഇനത്തിൽ ഏഴു കോടി രൂപയും ചെലവിട്ടു.
ഡ്രോൺ, റഡാർ വാടകയ്ക്കായി മൂന്നു കോടി ചെലവിട്ടു. ഡി.എൻ.എ പരിശോധനയ്ക്കായി മൂന്നുകോടിയും ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻസ് തുടങ്ങിയ യന്ത്രങ്ങൾക്കായി 15 കോടി രൂപയും, എയർ ലിഫ്റ്റിങ് ഹെലികോപ്ടറിന് 17 കോടിയും ദുരിതാശ്വാസ നിധിയിൽനിന്നും വകയിരുത്തി. കൃഷിനാശമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപോർട്ടിലുണ്ട്. ആഗസ്ത് 17-നാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.
കോടതിയിൽ നൽകിയ ഈ കണക്കുകൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് നടക്കുന്നത്. ദുരന്തമുഖത്തും വൻ വെട്ടിപ്പും ധൂർത്തുമാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ഇത് ചെലവഴിച്ച തുകയല്ലെന്നും കേന്ദ്ര സർക്കാർ സഹായത്തിനായി സർക്കാർ പ്രതീക്ഷിക്കുന്ന ചെലവാണ് കാണിച്ചതെന്നും ഭരണപക്ഷം വാദിക്കുന്നു. കേന്ദ്ര സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കാനായി ദുരന്തത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കുന്ന ചെലവുകൾക്കായി വകയിരുത്തിയ എസ്റ്റിമേറ്റ് തുകയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും ഇവർ പറയുന്നു.