- വണ്ടിയെടുക്കാൻ പറഞ്ഞത് വനിതാ ഡോക്ടറെന്ന് മൊഴി
കൊല്ലം: കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോൾ (45) കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ അജ്മലിനെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ്. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ ശ്രീക്കുട്ടിയും മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതായും പോലീസ് പറഞ്ഞു.
ടയറിനടിയിൽ യുവതി വീണ് കിടക്കവേ, കാർ മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടറാണെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറെയും പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ഡോക്ടറാണ് പറഞ്ഞതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തി.
യുവതി വണ്ടിക്ക് അടിയിൽ കിടക്കുന്നുവെന്ന് വിളിച്ച് പറഞ്ഞിട്ടും ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റർ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൽനിന്ന് വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകർത്തു. ഒപ്പം മുന്നിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് കാർ പോസ്റ്റിലിടിച്ച് നിന്നതോടെ ഇരുവരും ഓടുകയായിരുന്നു. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടപ്പോൾ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെവെച്ചാണ് നാട്ടുകാർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയെ പിടികൂടിയത്.
കൊല്ലത്തെ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വച്ചാണ് അജ്മൽ തന്നെ പരിചയപ്പെട്ടതെന്നാണ് യുവ വനിതാ ഡോക്ടറുടെ മൊഴി. അപകടം നടന്ന ദിവസം ഇരുവരും കാറിൽ കറങ്ങിയിരുന്നു. സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച ശേഷമാണ് അപകടമുണ്ടായത്. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയതായും യുവ ഡോക്ടർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരുവർഷം മുമ്പ് വിവാഹമോചിതയാണ് യുവതി. അപകട വാർത്തക്കു പിന്നാലെ ഡോക്ടറെ ആശുപത്രിയിൽനിന്നും സസ്‌പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടുണ്ട്.
നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാർ മുന്നോട്ടെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മനപൂർവമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, തുടങ്ങിയ കുറ്റങ്ങളടക്കം ചുമത്തി മോട്ടോർ വെഹിക്ക്ൾ ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് കൊല്ലം ശാസ്താംകോട്ട പോലീസ് പറഞ്ഞു. ലഹരി വസ്തു വിൽപ്പന ഉൾപ്പെടെ കൊല്ലം കരുനാഗപ്പളളി പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജ്മലെന്ന് പോലീസ് പറഞ്ഞു