ഡോ. എ. മൊയ്തീന്‍കുട്ടി. അര നൂറ്റാണ്ടിലധികമായി കര്‍മ്മനിരതനായി, ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായി, കാലത്തോടൊപ്പം സഞ്ചരിച്ച് ഒടുവില്‍ മടക്കം. ദീര്‍ഘകാലമായി അനേകം പേര്‍ക്ക് ആശ്വാസമേകിയ പ്രിയ ഡോക്ടര്‍ അനേകം നന്‍മകള്‍ അവശേഷിപ്പിച്ച ഓര്‍മ്മയായി മാറി.
വെറുമൊരു ഡോക്ടറായിട്ടല്ല ആളുകള്‍ മൊയ്തീന്‍കുട്ടി ഡോക്ടറെ കണ്ടത്. തന്റെ മുന്നിലെത്തുന്ന എല്ലാവരുടെയും കുടുംബഡോക്ടറായിരുന്നു അദ്ദേഹം. എവിടെ കണ്ടാലും രോഗികളായിട്ടല്ലാതെ, കൂട്ടുകാരെ പോലെ, ഉറ്റ ബന്ധുക്കളെ പോലെ അദ്ദേഹം നടത്തിയ ക്ഷേമാന്വേഷണങ്ങള്‍ ആളുകളുടെ അസുഖത്തെ മാത്രമല്ല മാറ്റിയത്. മാരകമായ അസുഖങ്ങള്‍ പിടിപെടുന്നവര്‍ക്കുപോലും ആത്മവിശ്വാസം നല്‍കാനും കൂടെയുണ്ട് എന്ന് എല്ലാ സമയത്തും ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. നേരിട്ട്
പരിചയമില്ലാത്തവര്‍ക്കുപോലും ഈ ഡോക്ടര്‍ ‘സുപരിചതനാ’ണ്. അതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ ഡോക്ടര്‍ എന്നത് അപ്രാപ്യമായിരുന്ന കാലത്തെ ആ സൗഹൃദങ്ങള്‍ അദ്ദേഹത്തെ ജനകീയ ഡോക്ടറാക്കി മാറ്റി.
കൊണ്ടോട്ടിയില്‍, ഡോക്ടര്‍ എന്ന നിലയില്‍ വെറും മരുന്നെഴുത്ത് മാത്രമല്ല അദ്ദേഹം നടത്തിയിരുന്നത്. രോഗങ്ങള്‍ക്കൊപ്പം രോഗിയുടെ മാനസികമായ ഉല്ലാസത്തിനും ആത്മവിശ്വാസത്തിനും അദ്ദേഹത്തിന്റേതായ രീതികളുണ്ടായിരുന്നു. സ്വന്തമായി തുടങ്ങിയ ആശുപത്രിക്ക് റിലീഫ് എന്ന് പേരിട്ടെങ്കിലും ആളുകള്‍ മൊയ്തീന്‍കുട്ടി ഡോക്ടറുടെ ആശുപത്രി എന്ന് നീട്ടിപ്പറയുന്നതും അതുകൊണ്ടുതന്നെയാണ്. റിലീഫിന്റെ തുടക്കം മുതല്‍ ഇതാ ഇപ്പോഴും ആ ആശുപത്രി മിക്കവര്‍ക്കും ‘മൊയ്തീന്‍കുട്ടി ഡോക്ടറുടെ ആശുപത്രി’യാണ്. ഡോക്ടറും രോഗിയും എന്നതിലപ്പുറം ബന്ധങ്ങള്‍ ഇഴചേര്‍ന്ന വിശ്വാസത്തിന്റെ ചികില്‍സയ്ക്ക് അവരിട്ട പേരാണത്. പണമില്ലാത്തതിന്റെ പേരില്‍ ചികില്‍സ മുടങ്ങാതിരിക്കാനും ഡോക്ടര്‍ ശ്രദ്ധിച്ചു. ‘ബാപ്പുട്ടി’ എന്ന സ്നേഹപൂര്‍വ്വമുള്ള വിളി ഹൃദയങ്ങളിലെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന്റെ പ്രതീകം.
ആതുര സേവനം മാത്രമായിരുന്നില്ല ഡോക്ടറുടെ മേഖല. കൊണ്ടോട്ടിയിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഡോക്ടറുടെ ഇടപെടലുണ്ടായി. കൊണ്ടോട്ടിയില്‍ ഇഎംഇഎ കോളെജ് തുടങ്ങുന്നതിന് മുമ്പുതന്നെ ഒരു കോളെജ് തുടങ്ങണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ഇതിനായി മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റി രൂപവല്‍ക്കരിക്കാനും അദ്ദേഹം ശ്രമം നടത്തി. അതിനുശേഷമാണ് കൊണ്ടോട്ടിയില്‍ ഇഎംഇഎ കോളെജ് വന്നത്. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ പൊതുബോധത്തില്‍ വരുന്നതിന് മുമ്പ്, ഒട്ടും പ്രചാരമില്ലാത്ത കാലത്ത് കൊണ്ടോട്ടിയില്‍ ക്ലിനിക്ക് തുടങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. ജനങ്ങള്‍ക്ക് പ്രയോജനമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ കാലത്തും ഡോക്ടറുടെ പിന്തുണ ഉറപ്പായിരുന്നു.
എല്ലാവര്‍ക്കും പ്രിയപ്പെട്ട ഡോക്ടറായിരുന്നു ഡോ. മൊയ്തീന്‍കുട്ടി. സമയവും സ്ഥലവും നോക്കാതെ ആശുപത്രിയിലെത്തുന്നവരുടെ വിവരങ്ങള്‍ ആരാഞ്ഞ് ചികില്‍സ നിര്‍ദേശിച്ചു. അദ്ദേഹം പറഞ്ഞാല്‍ അതിനപ്പുറം മറ്റൊരു ഡോക്ടറും ചികില്‍സയും വേണ്ടെന്ന് വിശ്വസിച്ച തലമുറയുടെ നഷ്ടമാണ് ഈ വേര്‍പാട്. അദ്ദേഹത്തിന്റെ വാക്കും തലോടലും മരുന്നിനേക്കാള്‍ ഫലം ചെയ്തു. ജലദോഷത്തിന് ചെന്നാല്‍ അഡ്മിഷന് കോപ്പുകൂട്ടുന്നവര്‍ക്കിടയില്‍ അദ്ദേഹമില്ല. ഒരു പ്രദേശത്തിന്റെയാകെ ആരോഗ്യം ഒറ്റ ഡോക്ടറിലേക്ക് കേന്ദ്രീകരിച്ച കാലമുണ്ടായിരുന്നു എന്നത് അതിശയോക്തിയല്ല. കൊണ്ടോട്ടി റിലീഫ് ആശുപത്രി, മഞ്ചേരി മലബാര്‍ ആശുപത്രി എന്നിവയുടെ എംഡിയായിരുന്ന അദ്ദേഹം എംഎസ്എസ്, ഐഎംഎ തുടങ്ങിയ സംഘടനകളിലും നേതൃത്വപരമായ പങ്ക് വഹിച്ചു.
ആതുരസേവനത്തിനിറങ്ങുന്നവര്‍ക്ക് പാഠപുസ്തകമാണ് മൊയ്തീന്‍കുട്ടി ഡോക്ടര്‍. രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ വല്ലാത്ത മെയ് വഴക്കം. സ്വന്തം ശരീരത്തെ രോഗം കീഴടക്കിയപ്പോഴും തളരാതെ നേരിട്ട ആത്മധൈര്യത്തിന്റെ പേരുകൂടിയാണ് ഡോ. മൊയ്തീന്‍കുട്ടി. സമൂഹത്തില്‍നിന്ന് മാറിയല്ല, സമൂഹത്തോടൊപ്പം ചേര്‍ന്നാണ് മൊയ്തീന്‍കുട്ടി ഡോക്ടര്‍ നടന്നത്. അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ, കൊണ്ടോട്ടിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡോക്ടര്‍ക്ക് ആദരവോടെ വിട.