ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ശേഷം പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി നിർണായകമായ രാജിക്കാര്യം പ്രഖ്യാപിച്ചത്.
രണ്ടു ദിവസത്തിനകം രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ, രാജിവെക്കരുതെന്നു യോഗത്തിൽ അണികൾ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരിച്ചുവരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡൽഹി മദ്യനയക്കേസിൽ ആറുമാസം ജയിലിൽ കിടന്ന ശേഷം രണ്ടു ദിവസം മുമ്പാണ് ജാമ്യം ലഭിച്ച് അരവിന്ദ് കെജ്രിവാൾ പുറത്തെത്തിയത്. തുടർന്നുള്ള സ്വീകരണ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
‘ജനവിധി വരുന്നത് വരെ ഇനി ഞാൻ ആ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. ഡൽഹിയൽ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ ബാക്കിയുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു. ഇനി ജനകീയ കോടതിയിൽ നിന്ന് നീതി ലഭിക്കണം. ജനങ്ങളുടെ തീരുമാനത്തിന് ശേഷം മാത്രമേ ഞാൻ ഇനി മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കൂ. മുഖ്യമന്ത്രിയെ പാർട്ടി എം.എൽ.എമാർ യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എ.എ.പിയെയും കെജ്രിവാളിനെയും തകർക്കാനാണ് അവരെന്നെ ജയിലിൽ അടച്ചത്. എന്നെ ജയിലിൽ അടയ്ക്കുന്നതിലൂടെ പാർട്ടിയെയും ഡൽഹി സർക്കാരിനെയും തകർക്കാമെന്ന് അവർ കരുതി. പക്ഷേ, നമ്മുടെ പാർട്ടി തകർന്നില്ല. ജയിലിൽനിന്ന് രാജിവയ്ക്കാതിരുന്നത് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. അവരുടെ ആ ഫോർമുലയെ എനിക്കു തോൽപ്പിക്കണമായിരുന്നു. എന്തുകൊണ്ട് സർക്കാരിന് ജയിലിൽ ഇരുന്ന് ഭരിച്ചുകൂടായെന്നു സുപ്രീം കോടതി ചോദിച്ചു. സർക്കാരിന് ജയിലിൽനിന്നു ഭരിക്കാനാകുമെന്നു തന്നെ തെളിയിച്ചു. അടുത്ത ഫെബ്രുവരിയിൽ നടക്കുമെന്ന് കരുതുന്ന ഡൽഹി തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തന്നെ നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
കെജ്രിവാൾ രാജിവെച്ചശേഷം പാർട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് പുതിയ ആൾ മുഖ്യമന്ത്രിയാവുക. കെജ്രിവാൾ ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ തേടുമെന്നും അദ്ദേഹം അറിയിച്ചു.