ന്യൂഡൽഹി: അന്തരിച്ച സി.പി.എം ദേശീയ ജനറൽസെക്രട്ടറി സിതാറാം യച്ചൂരിയുടെ പിൻഗാമിയെ ഉടനെ പ്രഖ്യാപിക്കില്ല. ഒഴിവു വന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താത്കാലിക ചുമതല ആർക്കും നൽകില്ല. പകരം പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല വിഭജിച്ച് നിർവ്വഹിക്കാനാണ് പ്ലാൻ. ഈ മാസം അവസാനം ചേരുന്ന പി.ബി, സി.സി നേതൃയോഗങ്ങൾ തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് വിവരം.
ഈമാസം 27, 28 തിയ്യതികളിലാണ് പൊളിറ്റ് ബ്യൂറോ യോഗം. അതുകഴിഞ്ഞ് രണ്ടു ദിവസം, 29, 30 തിയ്യതികളിൽ കേന്ദ്ര കമ്മിറ്റി യോഗവും ചേരും. ഈ യോഗത്തിലാണ് പിൻഗാമി ആരാകണമെന്നതിലും പാർട്ടി കോൺഗ്രസ് വരെ താത്കാലിക ചുമതല നൽകിയാൽ മതിയോ അതോ നിലവിലെ സംവിധാനം തന്നെ തുടർന്നാൽ മതിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കെ, ഒരാൾ വിടവാങ്ങുന്നത് സംഘടനാ ചരിത്രത്തിൽ ആദ്യമാണെന്നതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
പകരക്കാരായി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടിന്റെയും കേരളത്തിൽനിന്നുള്ള എം.എ ബേബിയുടെയും പേരുകൾ അടക്കം ഉയരുന്നുണ്ടെങ്കിലും കൂടുതൽ വിശദമായ ചർച്ചകളിലൂടെയാണ് അന്തിമ തീരുമാനത്തിൽ എത്തുക. ദേശീയ തലത്തിൽ വൃന്ദയെ പോലുള്ള ഒരു വനിതാ മുഖം ഉണ്ടാകുന്നത് വളരെ നന്നാവുമെന്ന് പൊതുവെ അഭിപ്രായമുണ്ടെങ്കിലും പ്രായപരിധിയാണ് വൃന്ദയ്ക്കുള്ള പ്രധാന തടസ്സം. ഇതേ തടസ്സമാണ് പി.ബിയിലുള്ള ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാറിനുമുള്ളത്.
അതിനാൽ പ്രായപരിധിയിൽ എന്തെങ്കിലും ഇളവ് അനുവദിക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചാൽ വൃന്ദയാകും യച്ചൂരിയുടെ പിൻഗാമി. എന്നാൽ, ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിൽ പി.ബിയിലെ സീനിയോറിറ്റിയും മറ്റും പരിഗണിച്ച് എം.എ ബേബിക്കാണ് കൂടുതൽ സാധ്യത. നാലു പതിറ്റാണ്ട് മുമ്പ് എം.എ ബേബി എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോൾ പകരക്കാരനായി ആ സ്ഥാനത്ത് എത്തിയിരുന്നത് യച്ചൂരിയായിരുന്നു. ഇപ്പോൾ അതേ യെച്ചൂരി ചരിത്രത്തിലേക്ക് പിൻവാങ്ങിയപ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന്റെ പിൻഗാമിയായി, മുൻഗാമി കൂടിയായ ബേബിക്ക് ഏറെ സാധ്യതയുള്ളതായും പറയുന്നു.
എന്നാൽ, പി.ബിയിൽ എം.എ ബേബിയോടൊപ്പമുള്ള കേരളത്തിൽനിന്നുള്ള എ വിജയരാഘവനും സാധ്യതാ പട്ടികയിൽ ഉണ്ടെന്നിരിക്കെ, കേരളത്തിലെ പാർട്ടി നേതൃത്വം ഇതിൽ ആർക്ക് മുഖ്യ പരിഗണന നൽകുമെന്നതും കണ്ടറിയണം. ബേബിയെക്കാൾ എ വിജയരാഘവനോടാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യമെങ്കിലും നേതൃത്വത്തിലെ എല്ലാവരും അങ്ങനെയല്ല. ഇനി പ്രായപരിധിയിൽ ഇളവ് നൽകുകയാണെങ്കിൽ കേരള നേതാക്കൾക്കു പകരം വൃന്ദയെ സമവായ സാരഥിയായി കേരളം മുന്നോട്ടു വയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പാർട്ടി ഭരണഘടനയനുസരിച്ച് 75 വയസ്സ് എന്ന നിലവിലെ പ്രായപരിധി പാലിച്ചാൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവർ ഉൾപ്പെടെയുള്ള പി.ബി അംഗങ്ങൾ പാർട്ടി കോൺഗ്രസോടെ പുതുമുഖങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതിൽ വൃന്ദയ്ക്ക് ഇളവ് നൽകണമെന്ന് പാർട്ടി കോൺഗ്രസിന് ആവശ്യപ്പെടാമെന്നും അത് പൊതുസമൂഹത്തിന് വലിയൊരു സന്ദേശവും പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാവുമെന്നും ഒരു കേന്ദ്ര കമ്മിറ്റി അംഗം പ്രതികരിച്ചു. മുതിർന്ന നേതാവായ ആന്ധ്രയിൽനിന്നുള്ള ബി.വി രാഘവുലു, ബംഗാളിൽ നിന്നുള്ള നീലോൽപ്പൽ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളുടെ പേരുകളും ജനറൽസെക്രട്ടറി സാധ്യതാ പട്ടികയിലേക്ക് ഉയർന്നുവന്നേക്കാം. എന്നാൽ, അടുത്തവർഷം മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ് വരെ മുൻ ജനറൽസെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് ആക്ടിംഗ് ജനറൽസെക്രട്ടറിയുടെ ചുമതല വഹിക്കട്ടെയെന്നുള്ള അഭിപ്രായക്കാരുമുണ്ട്.
നേതാക്കളാരും സ്വയം അവകാശവാദവുമായി രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യച്ചൂരി സൃഷ്ടിച്ച വലിയൊരു വിടവ് എങ്ങനെ നികത്തുമെന്ന സന്ദേഹത്തിലാണ് പാർട്ടിയെ സ്‌നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമെല്ലാം. യെച്ചൂരിയുടെ പിൻഗാമി ആരാകുമെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ആകാംക്ഷയോടെ കാത്തിരിക്കവെ, പൊതുജന സ്വീകാര്യതയും പ്രതിഭയും നേതൃശേഷിയും കൂടുതൽ പ്രകടമാക്കുന്ന പുതിയ നേതാവിനെ കാത്തിരിക്കുകയാണ് മതനിരപേക്ഷ ഇന്ത്യ.