കൊച്ചി: കേരളത്തിലെ പ്രമുഖ കലാലയങ്ങളിൽ ഒന്നായ കോഴിക്കോട് ഫാറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ആഡംബര വാഹനങ്ങളിലും മറ്റും തൂങ്ങിപ്പിടിച്ചും വാഹനത്തിന് മുകളിലിരുന്നും വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ വിവിധ അഭ്യാസ പ്രകടനങ്ങളുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് കുട്ടികൾക്ക് ഹൈക്കോടതിയുടെയും പിടിവീണത്.
ഇന്നത്തെ കോളജിലെ ഓണാഘോഷങ്ങളുടെ മുന്നോടിയായിരുന്നു കുട്ടികളുടെ വാഹനാഭ്യാസങ്ങൾ. ആഘോഷങ്ങളുടെ മറപിടിച്ച് അതിരുവിട്ട പ്രകടനങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ പൊതു മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും എട്ടു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ പറഞ്ഞു.