തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങളുയർന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ. നിലമ്പൂർ എം.എൽ.എ പി.വി അൻവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നടപടി.
ബന്ധുക്കളുടെ പേരിലുള്ള അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീട് നിർമാണം, സ്വർണം പൊട്ടിക്കൽ കേസ് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ ഉന്നയിച്ചത്. സാമ്പത്തിക ആരോപണങ്ങളായതിനാൽ എ.ഡി.ജി.പി ഉൾപ്പെടെയുള്ള പോലീസ് ഉന്നതർക്കെതിരേ നിലവിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലുൾപ്പെടുത്തി ഈ കേസ് അന്വേഷിക്കാനാകില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് പി.വി അൻവറിൽനിന്നും ശേഖരിച്ച മൊഴികൾ പരിശോധിച്ച ശേഷമാണ് ഡി.ജി.പി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കിയത്. ഇനി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഈ ശിപാർശ വിജിലൻസ് ഡയറക്ടർക്ക് കൈമാറുന്നതിന്റെ വേഗതയ്ക്കും താൽപര്യവുമനുസരിച്ചാവും അന്വേഷണം നടക്കുക.
ഇന്നലെ ചേർന്ന ഇടതു മുന്നണി യോഗത്തിൽ സി.പി.ഐ അടക്കമുള്ള മൂന്ന് പാർട്ടികളുടെ നേതാക്കൾ എ.ഡി.ജിപിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടെങ്കിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞ് അതിസങ്കീർണമായ വിഷയത്തെ ഗുരുതരമായി കാണാതെ ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ചത്. കേരളരാഷ്ട്രീയം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന എ.ഡി.ജി.പിക്കെതിരേയുള്ള വിഷയം അജണ്ടയിൽ വയ്ക്കാൻ പോലും സി.പി.എമ്മോ ഇടതു നേതൃത്വമോ ആദ്യം തയ്യാറായിരുന്നില്ല. തുടർന്ന് ആർ.ജെ.ഡി നേതാവ് വർഗീസ് ജോർജ് വിഷയം അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് കർക്കശമായി ഉന്നയിക്കുകയും സി.പി.ഐയും എൻ.സി.പിയും അതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തപ്പോഴാണ് പ്രശ്‌നം ചർച്ച ചെയ്യാൻ പോലും മുഖ്യമന്ത്രിയും ഇടതു കൺവീനറും സന്നദ്ധനായത്.
അതിനിടെ, എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ചയുടെ സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ട് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി പൂഴ്ത്തിയതായുള്ള ഗുരുതര ആരോപണവും പി.വി അൻവർ ഇന്നലെ ഉന്നയിച്ചിട്ടുണ്ട്. ഇതും സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ്. ഇത് ശരിയാണെന്നു വന്നാൽ ശശിക്കെതിരെയും നടപടി വേണ്ടി വരും. ഇനി ഈ ആരോപണം ശരിയല്ലെന്നാണെങ്കിലും, എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നോ എന്ന നിർണായക ചോദ്യത്തിൽനിന്നും സർക്കാറിന് കൂടുതൽ കാലം ഒളിച്ചോടാനാകില്ലെന്നതും വ്യക്തം.
തങ്ങളുന്നയിച്ച ആവശ്യം ഇടത് യോഗത്തിൽ അപ്പടി പൂർണമായും പാലിക്കപ്പെട്ടില്ലെങ്കിലും സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും സമീപനത്തിൽ കൃത്യമായ അതൃപ്തിയും അവിശ്വാസവും ഘടകക്ഷികളിൽ കൂടുതൽ പുകയുന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. അതുകൊണ്ടുതന്നെ ഘടകകക്ഷികളെ പിണക്കി പ്രതിപക്ഷത്തിന് കൂടുതൽ ആയുധം നൽകാതിരിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും കിണഞ്ഞു ശ്രമിച്ചേക്കും.