തിരുവനന്തപുരം: ആർ.എസ്.എസ് പ്രമുഖരുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയിലും ഭരണകക്ഷി എം.എൽ.എയുടെ ആരോപണങ്ങളിലും മുഖ്യമന്ത്രി തുടരുന്ന മൗനത്തിൽ കൂടുതൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രി ചരിത്രത്തെ വളച്ചൊടിച്ച് പാർട്ടി പ്രവർത്തകർക്ക് സ്റ്റഡി ക്ലാസെടുക്കാതെ അദ്ദേഹത്തിന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കും കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചതെന്നും ബി.ജെ.പിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂർ പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
എൽ.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്? കോവളത്ത് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോൾ കൂടെയുണ്ടായിരുന്നവർ ആരൊക്കെയാണ്? പത്ത് ദിവസമായി ഒരു സി.പി.എം എം.എൽ.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. അങ്ങനെയെങ്കിൽ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആർ.എസ്.എസ് നേതാക്കളെ നിരന്തരം സന്ദർശിച്ച് ചർച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.
ഇടതു മുന്നണിക്കകത്ത് സർക്കാർ നിലപാടിൽ കടുത്ത അതൃപ്തി പുകയുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് തലസ്ഥാനത്ത് ഇടതു മുന്നണി യോഗം നടക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി എന്തു പ്രതികരിക്കമെന്ന് കാത്തിരിക്കുകയാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ അടക്കമുള്ള പാർട്ടികൾ.