ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽതന്നെ തുടരുന്നു.
വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നൽകി തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചതായി പാർട്ടി നേതാക്കാൾ പറഞ്ഞു. 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വിദേശത്തുള്ള വിദഗ്ദ ഡോക്ടർമാരും ഇന്ന് എത്തുന്നുണ്ട്. ഇവർ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കുമെന്ന് അറിയുന്നു.
72-കാരനായ യെച്ചൂരിയെ ന്യുമോണിയ ബാധയെത്തുടർന്ന് ആഗസ്ത് 12-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതിനിടെ ആഗസ്ത് 22ന് അന്തരിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യക്ക് ആദരാജ്ഞലികൾ അർപ്പിച്ച് യെച്ചൂരി ട്വിറ്ററിൽ ആറു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ആസന്നമായ ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.എം-കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യധാരണയ്ക്ക് ഐകദാർഢ്യവുമായി പിറ്റേന്ന് (ആഗസ്ത് 23ന്) വീണ്ടും അദ്ദേഹം എക്‌സിൽ പ്രതികരിച്ചിരുന്നു.
ആഗസ്ത് 29നും ആശുപത്രിയിലിരിക്കെ സോഷ്യൽ മീഡിയയിൽ അദ്ദേഹം പ്രതികരിച്ചു. തന്റെ അടുത്ത സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നിയമ വിദ്ഗധനും ഗ്രന്ഥകാരനുമായ എ.ജി നൂറാനിക്ക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു പ്രസ്തുത പോസ്റ്റ്. എന്നാൽ, 31ന് അദ്ദേഹത്തിന്റെ ആരോഗ്യനില പൊടുന്നനെ ഗുരുതരമാകുകയായിരുന്നു. പിന്നീട് ആ അവസ്ഥയിൽനിന്ന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ശേഷം സെപ്തംബർ ആറിന് വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വരികയായിരുന്നു. ഇന്നേക്ക് അഞ്ചാമത്തെ ദിവസമാണ് വെന്റിലേറ്ററിൽ കഴിയുന്നത്.
ദേശീയ രാഷ്ട്രീയത്തിലേക്ക് സി.പി.എം നൽകിയ ഏറ്റവും മികച്ച സംഭാവനകളിൽ ഒരാളാണ് സീതാറാം യെച്ചൂരി. ദേശീയ തലത്തിൽ വലിയ ശക്തിയൊന്നും പാർട്ടിക്ക് ഇല്ലെങ്കിലും യെച്ചൂരിയുടെ നിലപാടുകളും ഇടപെടലുകളും പാർട്ടിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരിലും മറ്റും വലിയ പിന്തുണയും സ്വീകാര്യതയുമാണ് ലഭ്യമാക്കിയിരുന്നത്. കാര്യങ്ങൾ ആർക്കു മുന്നിലും വെട്ടിത്തുറന്ന് കൃത്യവും കണിശവുമായി രേഖപ്പെടുത്തുന്ന യെച്ചൂരിയുടെ പക്വമാർന്ന സമീപനം പാർട്ടിക്കപ്പുറം അദ്ദേഹത്തിന് സ്വീകാര്യത നൽകിയിട്ടുണ്ട്.
വിവിധ പാർട്ടികളും നേതാക്കളുമെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഏറെ ശ്രദ്ധിച്ചിരുന്നു. വസ്തുനിഷ്ഠമായുള്ള യെച്ചൂരിയുടെ അവതരണങ്ങൾ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ സഭക്ക് അകത്തും പുറത്തും നിറഞ്ഞ കൈയടി നേടിയിരുന്നു. ഒരുവേള തുടർച്ചയായി രണ്ടുതവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് പദവിയിൽനിന്ന് രാജിയാകുമ്പോൾ, യെച്ചൂരിക്കു വേണ്ടി രാജ്യസഭാ സീറ്റ് നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം സന്മനസ്സ് കാണിച്ചത് അദ്ദേഹവും പാർട്ടിയും നിരസിക്കുകയായിരുന്നു.
യെച്ചൂരി മതനിരപേക്ഷ രാഷ്ട്രീയത്തിൽ നേടിയ ഉജ്വലമായ സ്ഥാനമാണ് രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുമ്പോൾ പോലും കോൺഗ്രസ് അത്തരമൊരു വിശാല സമീപനം സ്വീകരിക്കാൻ കാരണം. ഇന്ത്യ മുന്നണിയുടെ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ അടക്കമുള്ള വിവിധ കക്ഷി നേതാക്കളുമായെല്ലാം വളരെ നല്ല ബന്ധവും അവർക്കെല്ലാം വലിയ ബഹുമാനവുമാണ് യെച്ചൂരിയോട്. ഇത് അദ്ദേഹത്തിന്റെ ആത്മാർത്ഥവും സുതാര്യവും കളങ്കവുമില്ലാത്ത രാഷ്ട്രീയ നിലപാടിനും വ്യക്തിത്വത്തിനുമുള്ള പിന്തുണ കൂടിയാണ്.
രാജ്യത്തെ ഹിന്ദുത്വ ശക്തികൾക്കും ഭരണകൂട വീഴ്ചകൾക്കുമെതിരേ മതനിരപേക്ഷ പക്ഷത്തുനിന്ന് ജ്വലിക്കുന്ന പോരാട്ടം കാഴ്ചവെക്കാൻ ഇന്ത്യാ മുന്നണിക്ക് കരുത്തായി നിന്ന മുന്നണി പോരാളികളിൽ ഒരാൾ കൂടിയാണ് യെച്ചൂരി. അദ്ദേഹത്തിന്റെ ധിഷണയും ഇടപെടലും ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ അനിവാര്യമായ ഒരു ഘട്ടത്തിൽ കൂടിയാണ് ഇന്ദ്രപ്രസ്ഥം കടന്നുപോകുന്നത്. അതിനാൽ തന്നെ, അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും വേഗം തിരിച്ചുകിട്ടട്ടേ എന്ന ആഗ്രഹത്തിലും പ്രാർത്ഥനയിലുമാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെല്ലാം. കുടുംബത്തോടൊപ്പം സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ, കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാന നേതാക്കളുമെല്ലാം ആശുപത്രിയിലുണ്ട്. ഇന്നത്തെ ഇടതു മുന്നണി യോഗത്തിനുശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും ഡൽഹിക്കു തിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.