തിരുവനന്തപുരം: ഇടവേളക്കുശേഷം മുഖ്യമന്ത്രിയുടെ പരിപാടിയിൽ മൈക്ക് വീണ്ടും പ്രശ്‌നമായി. ഇന്ന് കോവളത്ത് നടന്ന സി.പി.എം ഓഫീസ് ഉദ്ഘാടനത്തിന്റെയും പാർട്ടി നിർമിച്ച 11 വീടുകളുടെ താക്കോൽദാന കൈമാറ്റത്തിന്റെയും ചടങ്ങിൽ പ്രസംഗിക്കാൻ എണീറ്റപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് മൈക്കിന്റെ ഉയരം പ്രശ്‌നമായത്.
തുടർന്ന് മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ‘എവിടെ മൈക്കിന്റെ ആൾ? മൈക്കിന്റെ ആൾവരട്ടെ’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി സ്‌റ്റേജിൽ നിൽക്കുകയായിരുന്നു. ഉടനെ വേദിയിലുണ്ടായിരുന്ന മന്ത്രിമാർ മൈക്ക് നേരെയാക്കാൻ ശ്രമിക്കവേ തന്നെ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്‌നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സി.പി.എമ്മിന്റെ ആർ.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ചരിത്രം പറഞ്ഞും കോൺഗ്രസിന്റെ സംഘപരിവാർ ബാന്ധവം ഓർമിപ്പിച്ചും മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധ രാഷ്ട്രീയവും ഉയർത്തിയായിരുന്നു പ്രസംഗം.