കോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ തൊഴിലിടം സുരക്ഷിതമാണോയെന്ന് ചോദിക്കുന്ന മാധ്യമങ്ങൾ, നമ്മുടെ തൊഴിലിടം എത്രത്തോളം സുരക്ഷിതമാണെന്ന് സ്വയം ചോദിക്കണമെന്ന് ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ പറഞ്ഞു. ഒരുപാട് സ്ത്രീകൾ പ്രവർത്തിക്കുന്ന തൊഴിലിടമായിട്ടുപോലും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കൊന്നും ഇന്റേണൽ കംപ്ലയ്ന്റ് കമ്മിറ്റി നിലവിലില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും അവർ പറഞ്ഞു. ഇത് പറയുമ്പോൾ ഞങ്ങൾക്ക് ലീഗൽ സെല്ലുണ്ടെന്ന് പറഞ്ഞ് യഥാർത്ഥ പ്രശ്‌നം അഡ്രസ് ചെയ്യപ്പെടാതെ പോകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ എൻ രാജേഷിന്റെ സ്മരണയ്ക്കായി മാധ്യമം ജേണലിസ്റ്റ് യൂണിയൻ ഏർപ്പെടുത്തിയ എൻ രാജേഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ധന്യ രാജേന്ദ്രൻ.
പുരോഗമനപരമായ സിനിമകൾ പുറത്തുവരുന്ന മലയാളം സിനിമ വ്യവസായത്തിന് മറ്റൊരു മുഖമുണ്ടെന്ന സത്യം ഡബ്ല്യു.സി.സിയുടെ വരവോടെ നമ്മൾ മനസിലാക്കുകയുണ്ടായി. എല്ലാ മേഖലയിലും ഡബ്ല്യു.സി.സി വരണമെന്ന് നമുക്ക് ആഗ്രഹിക്കാം. പക്ഷേ, അതിനുള്ള സാധ്യത കുറവാണ്. പുറത്തുള്ളവരെക്കുറിച്ച് പറയുമ്പോൾ തന്നെ, മാധ്യമങ്ങളിൽ എന്തു സംഭവിക്കുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
മാധ്യമങ്ങളിലും ലൈംഗിക ആരോപണങ്ങൾ നേരിട്ടവർ പല സ്ഥാനങ്ങളിലും ഇരിക്കുന്നുണ്ട്. പലരും സുരക്ഷിതരാണെന്നിരിക്കെ മീഡിയയും സ്വയം ഓഡിറ്റിങ്ങിന് തയ്യാറാകണം. ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങളിൽ ഉന്നത എഡിറ്റോറിയൽ പദവികളിൽ 17 ശതമാനം സ്ത്രീകളാണുള്ളത്. കേരളത്തിലെ സ്ഥിതി അറിയില്ല. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ ആത്മവിമർശത്തിന് തയ്യാറായി പുഴുക്കുത്തുകൾ ഇല്ലാത്ത ഒരന്തരീക്ഷം സൃഷ്ടിച്ച് വിമർശിക്കാനുള്ള അർഹത സ്വയം നേടണമെന്നും അവർ ഓർമിപ്പിച്ചു.
കലയിലും ചാതുർവർണ്യം; സൂപ്പർ താരങ്ങളെ തൊടാൻ ആർക്കും കരുത്തില്ലെന്ന് കെ.ഇ.എൻ
കേൾക്കാതെ കേൾക്കുന്ന, പറയാതെ പറയുന്ന, നമ്മെയെല്ലാം അസ്വസ്ഥമാക്കുന്ന വിവേചന ഭീകരത നടമാടുന്ന കാലത്ത് ഡബ്ല്യു.സി.സിക്ക് അവാർഡ് നൽകിയതിലൂടെ രാജേഷ് സ്മരണ ഒരു മഹാ സമരമായി രൂപാന്തരപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച സാംസ്‌കാരിക പ്രവർത്തകൻ പ്രഫ. കെ.ഇ.എൻ അഭിപ്രായപ്പെട്ടു.
മലയാളത്തിൽ ‘പ്രമുഖർ’ എന്ന വാക്കു പോലും കുറ്റബോധം കൂടാതെ സ്വീകരിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. സാഹിത്യത്തിന്റെ ദന്തഗോപുരം ഇടിഞ്ഞുപൊളിഞ്ഞു വീണത് പോലെ താരം, സൂപ്പർ താരം തുടങ്ങിയ താരസങ്കൽപ്പവും തകർക്കപ്പെടേണ്ടിയിരിക്കുന്നു.
ഇന്ത്യൻ സിനിമയിലും കലയിലുമെല്ലാം ചാതുർവർണ്യമുണ്ട്. പുറംലോകത്ത് എന്തൊക്കെ പറഞ്ഞാലും ശരി, കലയുടെ ലോകത്തും രണ്ടു പന്തിയുണ്ട്. അവിടെ രണ്ടുനിലയ്ക്കാണ് വിളമ്പൽ. വിവേചനത്തിന് എതിരേയാണ് യഥാർത്ഥ കലയും സമരവുമെല്ലാം ഉണ്ടാകേണ്ടത്. കഴിവുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ തന്നെ താരം, സൂപ്പർ താരം എന്നിവയും നവീകരിക്കപ്പെടണം. എന്നാൽ, ഇത്തരം സൂപ്പർ താരങ്ങളെ തൊടാൻ ആർക്കും കരുത്തില്ലെന്നും മേൽക്കോയ്മയുടെ ഈ പ്രശ്‌നം ഏതെങ്കിലുമൊരു സർക്കാറിന്റെ മാത്രം പ്രശ്‌നമല്ലെന്നും അതിന് സഹായകമാവും വിധം ഈ സംവാദം മുന്നോട്ടു പോകണമെന്നും കെ.ഇ.എൻ നിർദേശിച്ചു.