- എപ്പോഴാണ് മാധ്യമങ്ങൾക്ക് അൻവറിനോട് പിരിശം കൂടിയത്? ബിസ്‌നസ്സുകാരനായിരുന്ന അൻവറിനെ ഈ വിധത്തിലാക്കിയതിൽ നിങ്ങൾ വലിയ പങ്കു വഹിച്ചില്ലേയെന്നും പരിഹാസത്തോടെ എ.എൻ ഷംസീർ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ആർ.എസ്.എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയാണ്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു ആർ.എസ്.എസ് നേതാവിനെ കണ്ടു. സുഹൃത്താണ് കൂട്ടിക്കൊണ്ടു പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അതിനാൽ, ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി വ്യക്തിപരമായി കണ്ടതിൽ തെറ്റു പറയാനാവില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് ന്യായീകരിച്ചു.
കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ, ‘ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സർക്കാറാണ്. വ്യക്തികൾ ആർ.എസ്.എസ് നേതാവിനെ കാണുന്നതിൽ തെറ്റില്ലെന്നും സ്പീക്കർ പറഞ്ഞു. പരാമർശം വിവാദമാകുമെന്ന് കണ്ടതോടെ ആർ.എസ്.എസിന് തന്നോടുള്ള സമീപനം അറിയാവുന്നതല്ലേയെന്നും സ്പീക്കർ ചോദിച്ചു.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോൺ ചോർത്തിയെന്ന പി.വി അൻവർ എം.എൽ.എയുടെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോൺ ചോർത്തൽ വെറുമൊരു ആരോപണമാണ്. ഞാനത് വിശ്വസിക്കുന്നില്ല. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. സർക്കാർ അതിന് മുതിരില്ല. ഊഹാപോഹങ്ങൾ വച്ച് പ്രതികരിക്കാനാവില്ല. എപ്പോഴാണ് നിങ്ങൾക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ബിസ്‌നസ്സുകാരനായിരുന്ന അൻവറിനെ ഈ രീതിയിലാക്കുന്നതിൽ നിങ്ങൾ വലിയ പങ്കു വഹിച്ചില്ലേയെന്നും ഷംസീർ പരിഹസത്തോടെ ചോദിച്ചു.