ജിദ്ദ – വൈദ്യുതി ഉപയോഗം കൂടിയ പഴയ വിന്‍ഡോ എയര്‍ കണ്ടീഷനറുകള്‍ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ എ.സികള്‍ സ്ഥാപിക്കാന്‍ ഗാര്‍ഹിക ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഇന്നു മുതല്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഏഴു പ്രധാന നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഇത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയായി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് സൗദി ഊര്‍ജ കാര്യക്ഷമതാ കേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നത്.
50,000 ലേറെ ചില്ലറ വ്യാപാരികളുടെയും 350 ലേറെ വന്‍കിട ഷോറൂമുകളുടെയും നാലു സൗദി ഫാക്ടറികളുടെയും പങ്കാളിത്തത്തോടെയാണ് സൗദിയിലെ എല്ലാ പ്രവിശ്യകളിലും പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ഉപയോഗം കൂടിയ പഴയ എ.സികള്‍ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ എ.സികള്‍ സ്ഥാപിക്കാന്‍ സൗദി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വഴി പുതിയ എ.സിയുടെ വിലയില്‍ 1,000 റിയാലിന്റെ ഇളവ് അനുവദിക്കുന്നു.
പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഡെലിവറി, ഇന്‍സ്റ്റലേഷന്‍ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്. പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്ന എ.സി വില്‍പന ഷോപ്പുകള്‍ സന്ദര്‍ശിച്ച് സൗദി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുത്ത് പദ്ധതി എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്ന സ്റ്റോറുകളുടെ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
ഉയര്‍ന്ന കാര്യക്ഷമതയുള്ള എ.സികള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സൗദി ഊര്‍ജ കാര്യക്ഷമതാ കേന്ദ്രം നേരത്തെ നടപ്പാക്കിയിരുന്നു. 2021 ല്‍ അവസാനിച്ച ഈ പദ്ധതി 1,25,000 ഓളം സൗദി പൗരന്മാര്‍ പ്രയോജനപ്പെടുത്തി. വൈദ്യുതി ഉപയോഗം കൂടിയ പഴയ വിന്‍ഡോ എയര്‍ കണ്ടീഷനറുകള്‍ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ എ.സികള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷാവസാനമാണ് അവസാനിച്ചത്.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് പ്രോഗ്രാം സംരംഭങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ വൈദ്യുതി ഉപയോഗം കൂടിയ പഴയ എ.സികള്‍ മാറ്റാന്‍ സൗദി പൗരന്മാരെ പ്രോത്സാഹിപ്പിക്കാനും ദേശീയ വ്യവസായത്തിന് പിന്തുണ നല്‍കാനും ലക്ഷ്യമിടുന്നു.