റിയാദ് – സിനിമകളാക്കി പരിവര്‍ത്തനം ചെയ്യാവുന്ന നോവലുകളില്‍ ശ്രദ്ധയൂന്നി ഏറ്റവും സ്വാധീനമുള്ള സാഹിത്യകൃതികള്‍ക്കുള്ള ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സമാരംഭം കുറിച്ചു. അവാര്‍ഡിനര്‍ഹമായ കൃതികളുട രചയിതാക്കള്‍ക്ക് ആകെ 7,40,000 ഡോളര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. കൂടാതെ മികച്ച കൃതികള്‍ സിനിമകളാക്കി മാറ്റുകയും ചെയ്യും. ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് വെബ്‌സൈറ്റ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് റിയാദില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടെ ഉദ്ഘാടനം ചെയ്തു.
അറബി ഭാഷയില്‍ പുതുതലമുറ എഴുത്തുകാര്‍ ഉദയം ചെയ്യാനുള്ള അവസരമാണ് ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. രജിസ്‌ട്രേഷന്‍ സംവിധാനവും പുരസ്‌കാര വിവരങ്ങളും പത്രസമ്മേളനത്തില്‍ വിശദമായി പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തെത്തുന്ന കൃതിയുടെ രചയിതാവിന് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന നോവലിന്റെ രചയിതാവിന് 50,000 ഡോളറാണ് ക്യാഷ് പ്രൈസ് ലഭിക്കുക. കൂടാതെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന നോവലുകള്‍ സിനിമകളാക്കി മാറ്റുകയും ചെയ്യും. മൂന്നാം സ്ഥാനത്തെത്തുന്ന കൃതിയുടെ രചയിതാവിന് 30,000 ഡോളറാണ് സമ്മാനത്തുക ലഭിക്കുക. അറബ്, സൗദി സിനിമാ നിര്‍മാണവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് നോവലുകളുടെയും അറബ് ഉള്ളടക്കങ്ങളുടെയും സംയോജിത ബാങ്ക് സ്ഥാപിക്കാന്‍ ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് സഹായിക്കുമെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
മികച്ച കോമഡി നോവല്‍, മികച്ച സസ്‌പെന്‍സ് ആന്റ് എക്‌സൈറ്റ്‌മെന്റ് നോവല്‍, മികച്ച ഫാന്റസി നോവല്‍, മികച്ച ചരിത്ര നോവല്‍, മികച്ച മിസ്റ്ററി ആന്റ് ക്രൈം നോവല്‍, മികച്ച ഹൊറര്‍ നോവല്‍, മികച്ച റിയലിസ്റ്റിക് നോവല്‍, മികച്ച റൊമാന്റിക് നോവല്‍ എന്നീ വിഭാഗങ്ങള്‍ അവാര്‍ഡില്‍ ഉള്‍പ്പെടുന്നതായി ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് പ്രസിഡന്റ് ഡോ. സഅദ് അല്‍ബാസഇ പറഞ്ഞു. ഈ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തുന്ന കൃതികള്‍ക്ക് 25,000 ഡോളര്‍ വീതം ക്യാഷ് പ്രൈസ് ലഭിക്കും. ഒരു സാഹിത്യകൃതിയെന്നോണം അവതരിപ്പിക്കുന്ന മികച്ച തിരക്കഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന കൃതിക്ക് ഒരു ലക്ഷം ഡോളറും രണ്ടാം സ്ഥാനത്തെത്തുന്ന കൃതിക്ക് 50,000 ഡോളറും മൂന്നാം സ്ഥാനത്തെത്തുന്ന കൃതിക്ക് 30,000 ഡോളറും ക്യാഷ് പ്രൈസ് ലഭിക്കും. ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന രചനകള്‍ സിനിമകളാക്കി മാറ്റുകയും ചെയ്യും. മൊഴിമാറ്റം ചെയ്ത മികച്ച നോവലിന് ഒരു ലക്ഷം ഡോളര്‍ ക്യാഷ് പ്രൈസ് നല്‍കും. പബ്ലിഷേഴ്‌സ് അവാര്‍ഡ് ആയി 50,000 ഡോളറും പ്രേക്ഷക അവാര്‍ഡ് ആയി 30,000 ഡോളറും വിതരണം ചെയ്യും.
വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 ആണ്. ലോംഗ് ലിസ്റ്റ് നവംബര്‍ 15 നും ഷോര്‍ട്ട് ലിസ്റ്റ് നവംബര്‍ 30 നും പ്രഖ്യാപിക്കും. 2025 ഫെബ്രുവരിയില്‍ നടക്കുന്ന അന്തിമ ചടങ്ങില്‍ വെച്ച് വിജയികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ തങ്ങളുടെ കൃതികള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണമെന്നും കൃതികള്‍ അറബിയിലായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. 2022, 2023, 2024 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകളായിരിക്കണം ഇത്തവണത്തെ അവാര്‍ഡിന് സമര്‍പ്പിക്കേണ്ടത്. കൃതികള്‍ പ്രസാധകര്‍ മുഖേനെയോ ഏജന്റുമാര്‍ മുഖേനെയോ രചയിതാവിന് നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രചയിതാവിന്റെ പ്രായം 18 ല്‍ കുറവാകാന്‍ പാടില്ല. സൃഷ്ടിയുടെ പൂര്‍ണ ഉടമസ്ഥത എഴുത്തുകാരനായിരിക്കണം. രചയിതാവിന്റെ അവകാശങ്ങളില്‍ നിയമപരമായ തര്‍ക്കങ്ങളൊന്നുമുണ്ടാകരുത്. സിനിമ നിര്‍മിക്കുന്നതിന് മൂന്നു വര്‍ഷത്തേക്ക് കൃതി ഉപയോഗിക്കാന്‍ അതോറിറ്റിക്ക് അവകാശം നല്‍കണെന്നും വ്യവസ്ഥയുണ്ട്.
അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന അവാര്‍ഡ് സമാപന ചടങ്ങിനു ശേഷം ഗോള്‍ഡന്‍ പെന്‍ ദിവാന് സമാരംഭമാകും. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ആഡംബരപൂര്‍ണമായി സജ്ജീകരിക്കുന്ന ആസ്ഥാനമായ ഗാള്‍ഡന്‍ പെന്‍ ദിവാന്‍ പ്രതിവാര സാഹിത്യ മീറ്റിംഗുകള്‍ക്കും ഫോറങ്ങള്‍ക്കും സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും യോഗങ്ങള്‍ക്കും പുസ്തക പ്രകാശനത്തിനുമുള്ള വേദിയായിരിക്കും. സമാന ദീവാനുകള്‍ പിന്നീട് സൗദിയിലെ വിവിധ പ്രവിശ്യകളിലും ആരംഭിക്കും.