ജിദ്ദ – സൗദിയില്‍ ചരക്കുകളും ഉല്‍പന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റിഅയക്കുന്നവര്‍ക്കും വിദേശങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും പ്രോത്സാഹനമെന്നോണം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പുതിയ ഫീസിളവുകള്‍ നടപ്പാക്കുന്നു. ഇതുപ്രകാരം കയറ്റുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ പൂര്‍ണമായും എടുത്തുകളയാന്‍ തീരുമാനിച്ചതായും ഇത് ഒക്‌ടോബര്‍ ആറു മുതല്‍ നടപ്പാക്കി തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു. കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ് സേവനം, ഈയം ഉപയോഗിച്ചുള്ള സീല്‍പതിക്കല്‍, കരാതിര്‍ത്തി പോസ്റ്റുകളിലെ പോര്‍ട്ടര്‍ സേവനങ്ങള്‍, എക്‌സ്‌റേ പരിശോധന, കസ്റ്റംസ് ഡാറ്റാ വിവരങ്ങളുടെ കൈമാറ്റം, സ്വകാര്യ ലബോറട്ടറികളിലെ സാമ്പിള്‍ പരിശോധനാ ഫലങ്ങളുടെ കൈമാറ്റം എന്നീ സേവനങ്ങള്‍ക്കുള്ള ഫീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 0.15 ശതമാനം കസ്റ്റംസ് ഡിക്ലറേഷന്‍ പ്രോസസ്സിംഗ് സേവന ഫീസ് ആയി ഈടാക്കുന്ന പുതിയ രീതി നടപ്പാക്കി ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി വ്യക്തികള്‍ ഇറക്കുമതി ചെയ്യുന്ന 1,000 റിയാലില്‍ കവിയാത്ത വിലയുള്ള ഉല്‍പന്നങ്ങള്‍ അടങ്ങിയ ഷിപ്പ്‌മെന്റുകള്‍ക്ക് കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ് സേവന ഫീസ് ആയി 15 റിയാലാണ് ഈടാക്കുക. നേരത്തെ ഇറക്കുമതി ചെയ്യുന്ന ഓരോ കണ്ടെയ്‌നറും എക്‌സ്‌റേ പരിശോധനക്ക് വിധേയമാക്കാന്‍ 100 റിയാല്‍ തോതില്‍ ഫീസ് ഈടാക്കിയിരുന്നു. കസ്റ്റംസ് ഡാറ്റാ വിവര കൈമാറ്റത്തിന് 100 റിയാലും കസ്റ്റംസ് ഡാറ്റാ പ്രോസസ്സിംഗ് സേവനത്തിന് 20 റിയാലും ഈടാക്കിയിരുന്നു.
ഒക്‌ടോബര്‍ ആറിന് നിലവില്‍ വരുന്ന പുതിയ രീതി അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ മൂല്യത്തിന്റെ 0.15 ശതമാനം പരമാവധി 500 റിയാല്‍ വരെയും മിനിമം 15 റിയാലുമാണ് ഇന്‍ഷുറന്‍സും ഷിപ്പിംഗും അടക്കം കസ്റ്റംസ് സേവന ഫീസ് ആയി ഈടാക്കുക. കസ്റ്റംസ് തീരുവയില്‍ നിന്നും നികുതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് സേവന ഫീസ് ആയി പരമാവധി 130 റിയാലാണ് ഈടാക്കുക.
കയറ്റുമതിക്കുള്ള കസ്റ്റംസ് സേവന ഫീസുകള്‍ റദ്ദാക്കുന്നത് കയറ്റുമതിക്കാരെ, വിശിഷ്യാ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അവരുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും സൗദി കയറ്റുമതിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. ഇറക്കുമതിക്കുയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസ് നിര്‍ണയിക്കുന്നതില്‍ പുതിയ രീതി അംഗീകരിച്ചത് ഇറക്കുമതിക്കാരുടെ ചെലവുകള്‍ കുറക്കുമെന്നും കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസ് മുന്‍കൂട്ടി കണക്കാക്കാനുള്ള ഇറക്കുമതിക്കാരുടെ ശേഷി വര്‍ധിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു.