എസ്.എസ്.എഫ് സാഹിത്യോത്സവിലെ സ്ത്രീ സാന്നിധ്യം ഇല്ലാത്തത് ചൂണ്ടിക്കാട്ടി യുവസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ അതോടുള്ള പഴയ ഒരു എസ്.എസ്.എഫ് നേതാവിന്റെ പ്രതികരണം.
എല്ലാവരും ‘നമ്മുടെ ആളുകളായി’ മാറണമെന്നോ, ഈ രാഷ്ട്രം തന്നെ നമ്മുടെ ആൾക്കാർ മാത്രമുള്ളതായി മാറണമെന്നോ ചിന്തിക്കുന്നവരല്ല എസ് എസ് എഫുകാർ. വിയോജിപ്പുകളുടെ തലയറുക്കുന്ന പ്രത്യയശാസ്ത്രമല്ല എസ് എസ് എഫ് പിന്തുടരുന്നത്. സച്ചിദാനന്ദൻ മുതൽ ഗോപീകൃഷ്ണൻ വരെയുള്ള, എസ് എസ് എഫ് വേദികളിൽ പങ്കെടുക്കുന്നവർ മുഴുവൻ അവിടെ വന്ന് സംഘാടകരെ സുഖിപ്പിച്ചു പോകണമെന്നും എസ് എസ് എഫ് ചിന്തിക്കില്ലെന്നും എഴുത്തുകാരനും അധ്യാപകനുമായ മുഹമ്മദലി കിനാലൂർ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.
എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം:
പല മട്ടിൽ ചിന്തിക്കുകയും പല പാട് വിശ്വാസം സൂക്ഷിക്കുകയും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. എല്ലാവരും തുല്യ അഭിപ്രായത്തിലേക്ക് എത്തിയതിനു ശേഷമേ തമ്മിൽ മിണ്ടാവൂ എന്നതല്ല, അഭിപ്രായഭേദങ്ങൾ ഉണ്ടായിരിക്കെ തന്നെ വിശ്വാസങ്ങളും മൂല്യങ്ങളും പരസ്പരം മാനിച്ചുകൊണ്ട് ഒരുമിച്ചു നിൽക്കാവുന്ന ഇടങ്ങളിൽ പരമാവധി ചേർന്ന് നിൽക്കുക. അതാണ് നമ്മുടെ രാഷ്ട്രീയ കാലം നമ്മോട് ആവശ്യപ്പെടുന്നത്. അതിൽ പരിഹാസ്യമായി ഒന്നുമില്ല.
സുഭാഷ് ചന്ദ്രൻ എസ് എസ് എഫ് വേദിയിൽ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞു. എസ് എസ് എഫുകാർ അദ്ദേഹത്തെ വിചാരണ ചെയ്തില്ല, കൂക്കിയില്ല, പരിഹസിച്ചില്ല. സമൂഹമാധ്യമങ്ങളിൽ പോലും ആരും അധിക്ഷേപവുമായി വന്നില്ല. എസ് എസ് എഫ് വേദിയിൽ നാളെയും സ്ത്രീകൾ ഉണ്ടാകില്ല. അതിൽ പ്രതിഷേധിച്ച് സുഭാഷ് ചന്ദ്രനോ മറ്റാരെങ്കിലുമൊ എസ് എസ് എഫ് വേദിയിലേക്കില്ല എന്ന് തീരുമാനിച്ചാൽ അത് അവരുടെ സ്വാതന്ത്ര്യം. അതിന്റെ പേരിലും അദ്ദേഹത്തെ ഭർൽസിക്കാൻ പോകില്ല.
ഒരു എഴുത്തുകാരൻ എന്ന നിലക്ക് ഇനിയും അദ്ദേഹത്തെ എസ് എസ് എഫ് ക്ഷണിച്ചേക്കും. അദ്ദേഹം എസ് എസ് എഫ് വേദിയിൽ വന്ന് ഒരു പരാമർശം നടത്തിയാൽ പ്രവർത്തകരുടെ ആദർശം മുഴുവൻ ഒലിച്ചുപോകും എന്ന പേടി എസ് എസ് എഫിനില്ല. അദ്ദേഹത്തെ സുന്നി പണ്ഡിതൻ ആയി കണ്ടല്ല പരിപാടിക്ക് ക്ഷണിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടിൽ ജീവിക്കുന്നു, എസ് എസ് എഫ് സുന്നി നിലപാടിൽ പ്രവർത്തിക്കുന്നു. അതിൽ വിയോജിപ്പുകളുടെ ധാരാളം ഘടകങ്ങളുണ്ട്. അപ്പോഴും അദ്ദേഹത്തെ ക്ഷണിക്കാൻ എസ് എസ് എഫിന് ഒരു കാരണം മതി, അദ്ദേഹം മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്ന എഴുത്തുകാരനാണ്. ഈയൊരു പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ സുന്നി വിരോധിയോ ഇസ്‌ലാം വിരുദ്ധനോ ആയി ചിത്രീകരിക്കാൻ ഒരു എസ് എസ് എഫുകാരനും മിനക്കെടില്ല.