റാവല്‍പിണ്ടി: പാകിസ്താനെതിരേ ആദ്യ ടെസ്റ്റ് പരമ്പര നേടി ബംഗ്ലാദേശ് പുതുചരിത്രം രചിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ഇന്ന് ജയിച്ചതോടെയാണ് പരമ്പര നേട്ടം. ഇന്ന് ആറു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 185 റണ്‍സ് ലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് പിന്തുടരുകയായിരുന്നു. ബംഗ്ലാദേശിനായി മുന്‍നിര ബാറ്റര്‍മാരായ സാകിര്‍ ഹസന്‍ (39 പന്തില്‍ 40), സദ്മന്‍ ഇസ്‌ലാം (51 പന്തില്‍ 24), നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ (82 പന്തില്‍ 38), മൊമിനുല്‍ ഹഖ് (71 പന്തില്‍ 34) എന്നിവര്‍ തിളങ്ങി. മുഷ്ഫിഖര്‍ റഹീമും (51 പന്തില്‍ 22), ഷാക്കിബ് അല്‍ ഹസനും (43 പന്തില്‍ 21) പുറത്താകാതെ നിന്നു. നേരത്തേ യുവപേസര്‍മാരായ ഹസന്‍ മഹ്‌മൂദ് (543) നഹീദ് റാണ (444) എന്നിവരുടെ മികവില്‍ ബംഗ്ലദേശ് ആതിഥേയരെ രണ്ടാം ഇന്നിങ്‌സില്‍ 172 റണ്‍സിനു പുറത്താക്കിയിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 274 റണ്‍സും ബംഗ്ലദേശ് 262 റണ്‍സും എടുത്തു പുറത്തായി. ആദ്യ ടെസ്റ്റ് ബംഗ്ലദേശ് 10 വിക്കറ്റിനാണു വിജയിച്ചത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. രണ്ടാം ടെസ്റ്റില്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ പുറത്തിരുത്തി പാക്കിസ്ഥാന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും രക്ഷയുണ്ടായില്ല.
ബംഗ്ലാദേശിനെതിരായ തോല്‍വി പാക്കിസ്ഥാന് വന്‍ നാണക്കേടാണ് നല്‍കിയത്. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങള്‍ക്കെതിരെയും സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ ടീമായി പാക്കിസ്ഥാന്‍. ബംഗ്ലദേശാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം. അവസാനം കളിച്ച പത്ത് ടെസ്റ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ പാക്ക് ടീമിനു സാധിച്ചിട്ടില്ല. 10 ടെസ്റ്റില്‍ ആറു സമനിലകളും നാലു തോല്‍വിയുമാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാന്‍ സ്വന്തം നാട്ടില്‍ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 1303 ദിവസം മുന്‍പാണ്. 2021 ഫെബ്രുവരി എട്ടിന് ദക്ഷിണാഫ്രിക്കയെയാണ് പാക്കിസ്ഥാന്‍ അവസാനം തോല്‍പിച്ചത്. ബംഗ്ലദേശിനോടും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ടേബിളില്‍ പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്കു വീണു. ബംഗ്ലദേശ് നാലാം സ്ഥാനത്തുണ്ട്.പരമ്പര നേട്ടത്തോടെ ഇംഗ്ലണ്ടിനെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ബംഗ്ലാദേശ് പിന്തള്ളിയത്.