തിരുവനന്തപുരം: സൂപ്പര്‍ താരം അബ്ദുല്‍ ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം. ബ്ലൂ ടൈഗേഴ്സിനെതിരേ ഒരു റണ്ണിനാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ജയം. മഴയെ തുടര്‍ന്ന് ജയദേവന് മഴ നിയമപ്രകാരമാണ് വിജയികളെ കണ്ടെത്തിയത്. ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 122 റണ്‍സിന് പുറത്തായി. മറുപടിയായുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബാറ്റിങ്ങിനിടെ മഴയെത്തി.
14.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സെന്ന നിലയിലായിരിക്കേയാണ് മഴയെത്തിയത്. വിജെഡി നിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്കോറിനേക്കാള്‍ ഒരു റണ്‍ അധികമെടുത്ത ട്രിവാന്‍ഡ്രത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പലതവണം മഴ വില്ലനായെത്തിയിരുന്നു. 12 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റും 18 റണ്‍സുമെടുത്ത റോയല്‍സ് ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്താണ് കളിയിലെ ഹീറോ.
തുടക്കത്തില്‍ ടൈഗേഴ്സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പി ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ഓപ്പണര്‍മാരായ വിഷ്ണുരാജിനെയും അമീര്‍ഷായെയും പൂജ്യത്തിന് നഷ്ടമായ റോയല്‍സിനെ രോഹന് പ്രേമും(14), ജോഫിന്‍ ജോസും(22) ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ഇരുവരും മടങ്ങിയശേഷം ഗോവിന്ദ് പൈയും(24*) ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും(18) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. അബ്ദുള്‍ ബാസിത് പുറത്തായതിന് പിന്നാലെ മഴ എത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ റോയല്‍സിനെ വിജയികളായി പ്രഖ്യാപിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സിനായി ഓപ്പണര്‍ ജോബിന് ജോബി(34 പന്തില്‍ 48) യും 20 പന്തില്‍ 25 റണ്‍സെടുത്ത അനൂജ് ജോട്ടിനും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. കേരള താരങ്ങളായ ഷോണ്‍ റോജര്‍(2), സിജോമോന്‍ ജോസഫ്(7) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടൈഗേഴ്സ് 93-7ലേക്ക് കൂപ്പുകുത്തി. 11-ാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബേസില്‍ തമ്പി നടത്തിയ ചെറുത്തു നില്‍പ്പാണ് ടൈഗേഴ്സിനെ 122ല്‍ എത്തിച്ചത്. ബേസില്‍ എട്ട് പന്തില്‍ 14 റണ്‍സടിച്ചു. റോയല്‍സിനായി നായകന് അബ്ദുള്‍ ബാസിത് നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അഖിന് സത്താറും വിനോദ് കുമാറും ഓരോ വിക്കറ്റെടുത്തു.