- പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി
കോഴിക്കോട് / തിരുവനന്തപുരം: എ.ഡി.ജി.പി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരേയുള്ള നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ആരോപണങ്ങളെ പിന്തുണച്ച് സി.പി.എം സഹയാത്രികനും കൊടുവള്ളി മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ്.
പി ശശിയെ സ്ഥാനത്തുനിന്ന് മാറ്റാതെ ഒരന്വേഷണവും നേരെ പോവില്ലെന്നും സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ശശി പ്രവർത്തിക്കുന്നതെന്നും കാരാട്ട് റസാഖ് ആരോപിച്ചു.
ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങൾ ടോർച്ചടിച്ചാൽ ചെന്നെത്തുക പി ശശിയിലേക്കാണ്. ശശിയെ അടിയന്തരമായി മാറ്റിയാൽ സി.പി.എമ്മിനും മുന്നണിക്കും നല്ല രീതിയിൽ മുന്നോട്ടുപോകാം. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാടിനോട് യോജിക്കാനാവില്ല. സാമ്പത്തിക നേട്ടമാണ് ശശി ലക്ഷ്യം വെക്കുന്നത്. ഉദ്യോഗസ്ഥർക്ക് കൊള്ളയും കൊലയും നടത്താനുള്ള സൗകര്യം ശശി അദ്ദേഹത്തിന്റെ പദവി ഉപയോഗിച്ച് നൽകുന്നു. ഉന്നതരുടെ പിന്തുണയില്ലാതെ ഒരു ഉദ്യോഗസ്ഥനും വഴിവിട്ട് മുമ്പോട്ട് പോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണങ്ങളിൽ പ്രതികരിക്കാൻ പി ശശി കൂട്ടാക്കിയില്ല. പ്രതികരിക്കാവുന്ന പദവിയലല്ല താനിപ്പോഴെന്ന് പറഞ്ഞായിരുന്നു ശശിയുടെ ഒഴിഞ്ഞുമാറ്റം. നേരത്തെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സ്ഥാനം വിടേണ്ടി വന്നത് പോലെ പി ശശിക്കും പദവി ഒഴിയേണ്ടി വരുമോ അതോ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷണ കവചം ഒരുക്കുമോ എന്നതാണിനി അറിയാനിരിക്കുന്നത്. ലൈംഗിക ആരോപണത്തെ തുടർന്ന് മുമ്പ് പാർട്ടിയിൽ അച്ചടക്ക നടപടിക്കു വിധേയനായ ശശി നീണ്ട ഇടവേളക്കുശേഷമാണ് വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായി ചുമതലയേറ്റത്. ഈ നിയമനത്തിൽ സൂക്ഷ്മത പുലർത്തിയില്ലെന്നും മുമ്പ് ചെയ്ത തെറ്റ് ആവർത്തിക്കാൻ ഇടയുണ്ടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അന്ന് കണ്ണൂരിൽനിന്നുള്ള പി ജയരാജൻ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ, നിയമനം ചർച്ച ചെയ്യുമ്പോഴല്ല എതിർപ്പ് അറിയിക്കേണ്ടതെന്ന് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ജയരാജന് മറുപടി നൽകുകയായിരുന്നു. അപ്പോൾ തനിക്ക് സംസ്ഥാന സമിതിയിലല്ലേ ചർച്ച ചെയ്യാൻ പറ്റൂവെന്ന് ജയരാജൻ തിരിച്ച് പ്രതികരിച്ചെങ്കിലും ശശിയെക്കുറിച്ച് മറ്റാരും പരസ്യമായ അഭിപ്രായപ്രകടനത്തിന് മുതിർന്നിരുന്നില്ല.
പി ശശിയെയും എ.ഡി.ജി.പിയെയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ ഏൽപ്പിച്ചെന്നും എന്നാൽ അത് കൃത്യമായി നിർവഹിച്ചില്ലെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം. മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ ശശി പരാജയപ്പെട്ടു. എന്നാൽ, ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിത്. താൻ പൊതുവിഷയങ്ങളിൽ പല തവണ പി ശശിയെ നേരിൽ കണ്ട് കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും അൻവർ പ്രതികരിച്ചിരുന്നു.
മരം മുറിച്ചത് ഉൾപ്പെടെ എ.ഡി.ജി.പിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. പ്രമാദമായ സോളാർ കേസ് അട്ടിമറിച്ചത് എ.ഡി.ജി.പി അജിത് കുമാറാണെന്നു പറഞ്ഞ് ഇന്ന് അതിന്റെ ശബ്ദരേഖയും എം.എൽ.എ പുറത്തുവിടുകയുണ്ടായി. അജിത്ത്കുമാർ കവടിയാർ കൊട്ടാരത്തിനടുത്ത് 12,000 ചതുരശ്ര അടിയിൽ ആഡംബരവീട് പണിയുന്നതായും, മലപ്പുറം ജില്ലയിലെ എടവണ്ണ റിദാൻ കൊലക്കേസിൽ നിരപരാധിയെ കുടുക്കിയെന്നും ചൂണ്ടിക്കാട്ടി. ദുബൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിൽ അജിത്കുമാർ കണ്ണിയാണെന്നും എം.എൽ.എ ആരോപിച്ചിട്ടുണ്ട്.
പിണറായി സർക്കാറിനെയും പോലീസിനെയും പ്രതിരോധത്തിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഇന്ന് മലപ്പുറം കലക്ടറേറ്റിലെത്തി തോക്ക് ലൈസൻസിനും എം.എൽ.എ അപേക്ഷ നൽകിയിട്ടുണ്ട്.