തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് തവനൂർ എം.എൽ.എയും ഇടത് സഹയാത്രികനുമായ ഡോ. കെ.ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എയുടെ പ്രഖ്യാപനം.
ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും ജലീൽ വ്യക്തമാക്കി.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കടുത്ത വിമർശങ്ങളും ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് പിന്നാലെയാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നു കാട്ടുമെന്ന പ്രഖ്യാപനവുമായി കെ.ടി ജലീലിന്റെ രംഗത്തെത്തിയത്. പി.വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിൽ.