തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വീണ്ടും ആരോപണവുമായി പി.വി. അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപിക്ക് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അൻവർ ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ഓഡിയോയിലുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസാണ് സോളാർ കേസ്. അത് അട്ടിമറിച്ചത് എങ്ങനെയാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയതെന്നും പി.വി. അൻവർ വ്യക്തമാക്കി.
എടവണ്ണ കേസിൽ എഡിജിപി നിരപരാധിയെ കുടുക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി എഡിജിപി അജിത് കുമാറിന് ബന്ധമുണ്ട്. സോളാർ കേസ് പ്രതികളിൽനിന്ന് പണം വാങ്ങി നൽകാമെന്ന് പരാതിക്കാരിയോട് അജിത് കുമാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റിയതെന്നും അൻവർ പറഞ്ഞു.
കവടിയാർ കൊട്ടാരത്തിനടുത്ത് എഡിജിപി ആഡംബര വീട് പണിയുന്നുണ്ട്. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പണിയുന്നത്. ഇവിടെ10 സന്റ് സ്ഥലം അജിത് കുമാറിന്റെയും 12 സെന്റ് സഹോദരന്റെയും പേരിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. 65 മുതൽ 75 ലക്ഷം വരെയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു.
നാളെ മുഖ്യമന്ത്രിയെ കണ്ട് താൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കും. ഒരു റിട്ടയർഡ് ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അൻവർ അറിയിച്ചു.