റിയാദ്- മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നജ്‌റാന്‍, ഹായില്‍, തബൂക്കിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകും. കടല്‍ ഉപരിതലത്തില്‍ പടിഞ്ഞാര്‍ നിന്ന് വടക്ക് പടിഞ്ഞാര്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം ഉഷ്ണകാലത്തിന് വിരമമിട്ട് ഇന്ന് മുതല്‍ സൗദിയില്‍ ശരത് കാലം തുടങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥയില്‍ മാറ്റം പ്രകടമായിട്ടുണ്ട്. രാത്രി സമയങ്ങളില്‍ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതിവരെ ചൂടുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരും നാളുകളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത കൂടുതലാണ്. ജിദ്ദയില്‍ ഇന്ന് രാവിലെ പൊടിക്കാറ്റ് പ്രകടമായി. ഇന്നലെ മക്ക, ജിസാന്‍, അസീര്‍ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മദീനയിലെ ഉഹ്ദ് ഏരിയയില്‍ കഴിഞ്ഞ ദിവസം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്. രാത്രി എട്ടിനും ഒമ്പതിനുമിടയില്‍ 34 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.