ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെമ്പടയുടെ ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ലിവര്‍പൂള്‍ വിജയം വരിച്ചത്. ആദ്യ പകുതിയില്‍ ഇരട്ട ഗോള്‍ നേടിയ ലൂയിസ് ഡയസ്സാണ് ലിവര്‍പൂള്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. 35, 42 മിനിറ്റുകളിലാണ് കൊളംബിയന്‍ താരത്തിന്റെ ഗോളുകള്‍ പിറന്നത്.
ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ആണ് രണ്ട് ഗോളിനും വഴിയൊരുക്കിയത്. മൂന്നാം ഗോള്‍ സലാഹിന്റെ വക 56ാം മിനിറ്റിലായിരുന്നു.തുടക്കം മുതലെ മല്‍സരത്തില്‍ ലിവര്‍പൂള്‍ ആധിപത്യം നേടി. ഇത് അവസാനം വരെ നിലനിര്‍ത്താന്‍ അവര്‍ക്കായി. നിരവധി പുത്തന്‍ സൈനിങ് നടത്തിയിട്ടും ടെന്‍ഹാഗിന്റെ ശിഷ്യന്‍മാര്‍ക്ക് ഒരുമാറ്റവും ഓള്‍ഡ്ട്രാഫഡില്‍ നടത്താന്‍ കഴിഞ്ഞില്ല.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ പൂട്ടി. 1-1നാണ് മല്‍സരം അവസാനിച്ചത്. 25ാം മിനിറ്റില്‍ ജാക്ക്‌സണ്‍ ചെല്‍സിക്ക് ലീഡ് നല്‍കിയിരുന്നു. എന്നാല്‍ 53ാം മിനിറ്റില്‍ എസെയിലൂടെ പാലസ് തിരിച്ചടിച്ചു. തുല്യശക്തികളുടെ പോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ ന്യൂകാസില്‍ യുനൈറ്റഡ് 2-1ന് പരാജയപ്പെടുത്തി. ബാര്‍നെസ്, ഇസക്ക് എന്നിവരാണ് ന്യൂകാസിലിനായി സ്‌കോര്‍ ചെയ്തത്. ടോട്ടന്‍ഹാമിന്റെ ഗോള്‍ ന്യൂകാസില്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.
മൂന്ന് റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഒമ്പത് പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. രണ്ട് ജയം വീതമുള്ള ബ്രിങ്ടണ്‍, ആഴ്‌സണല്‍, ന്യൂകാസില്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്,അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.ഒരു ജയവും ഒരു സമനിലയുമുള്ള ചെല്‍സി 11ാം സ്ഥാനത്താണ്.