റിയാദ്- ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സി (ഗോസി)ല്‍ സ്ഥാപനങ്ങളുടെ വരിസംഖ്യ കുടിശ്ശികകള്‍ പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി കൂടി അനുവദിച്ചു. 2024 മാര്‍ച്ച മൂന്നിന് മുമ്പുള്ള കുടിശ്ശികകള്‍ക്കാണ് ആനുകൂല്യം. നേരത്തെ അനുവദിച്ച ആറു മാസ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി പിഴയിളവ് ആനുകൂല്യം നീട്ടിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഗോസിയില്‍ പണമടക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്ക് ആറു മാസത്തേക്ക് പിഴയിളവ് പ്രഖ്യാപിച്ചത്. നിരവധി സ്ഥാപനങ്ങള്‍ കുടിശ്ശികയടച്ച് ഈ ആനുകൂല്യം കൈപറ്റി. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ഭാരം കുറക്കാനാണ് നടപടിയെന്ന് ഗോസി വിശദീകരിച്ചു. വിദേശികളുടെ ശമ്പളത്തിന്റെ രണ്ട് ശതമാനവും സൗദി ജീവനക്കാരുടെ ശമ്പളത്തിന്റെ 22 ശതമാനവുമാണ് ഗോസിയില്‍ അടക്കേണ്ടത്.