തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ നീക്കിയ സി.പി.എം നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഉന്നയിച്ച ഇ.പി ജയരാജൻ-ബി.ജെ.പി ബന്ധം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അന്നേ ഇക്കാര്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഇ.പി ജയരാജനെ ന്യായീകരിക്കുകയായിരുന്നുവെന്നും ജാവദേക്കറെ ഇ.പിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി ഉയർന്ന ബാന്ധവ വിവാദത്തിലാണ് ഇ.പിക്കെതിരെ സി.പി.എം അച്ചടക്ക നടപടിയുണ്ടായത്. ബി.ജെ.പി പ്രവേശനത്തിൽ ഇ.പിയുമായി മൂന്നുവട്ടം ചർച്ച നടത്തിയെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. ഇത് വൻ വിവാദമായിരുന്നു. എന്നാൽ, പ്രകാശ് ജാവദേക്കറുമായുണ്ടായത് രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്നുമായിരുന്നു ഇ.പി പ്രതികരിച്ചിരുന്നത്. ഈ വിശദീകരണം സി.പി.എം നേതൃത്വത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ലെന്നതാണ് വസ്തുത.
മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയും പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണനാണ് പാർട്ടി പുതിയ എൽ.ഡി.എഫ് കൺവീനറുടെ ചുമതല നല്കിയിരിക്കുന്നത്. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.
ഈ തീരുമാനത്തിന് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരിക്കുകയാണ്. സംഭവം സി.പി.എം രാഷ്ട്രീയത്തിലുണ്ടാക്കുന്ന പുതിയ പുകിലുകൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.