ജിദ്ദ – വിദേശ ഹജ് ഓഫീസുകളുടെ (ഹജ് മിഷനുകള്‍) ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ തടയാനും ഹജ് ഓഫീസുകളുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ട് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നു. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തി അനധികൃതമായി രാജ്യത്ത് തങ്ങി ഹജ് നിര്‍വഹിക്കുന്നത് അടക്കമുള്ള പ്രവണതകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് വിദേശ ഹജ് ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കുന്നത്. സ്വന്തം രാജ്യത്തു നിന്ന് വരുന്ന മുഴുവന്‍ ഹാജിമാരുടെയും പൂര്‍ണ ഉത്തരവാദിത്തം ഹജ് ഓഫീസുകള്‍ക്കാകുമെന്ന് പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഹജ് തീര്‍ഥാടകരുടെ പേരുവിവരങ്ങള്‍ ഇ-ട്രാക്കില്‍ രേഖപ്പെടുത്തല്‍, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍, ഫോട്ടോകള്‍, പുസ്തകങ്ങള്‍, പതാകകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ കൈവശം വെക്കുന്നതില്‍ നിന്ന് ഹാജിമാരെ തടയല്‍, നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ ഹജിന് വരുന്നത് തടയല്‍ എന്നിവ ഹജ് ഓഫീസുകളുടെ ഉത്തരവാദിത്തങ്ങളാണ്.
തീര്‍ഥാടകരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് ബ്രോക്കറേജ് പ്രവര്‍ത്തനങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും കരാറുകളില്‍ ഏര്‍പ്പെടുന്ന കക്ഷികളില്‍ നിന്ന് കമ്മീഷനുകള്‍ നേടുന്നതിനും ഹജ് ഓഫീസുകള്‍ക്ക് വിലക്കുണ്ട്. പൊതുസുരക്ഷക്ക് ഭംഗം വരുത്തുന്ന ഏതൊരു പ്രവൃത്തിയും നേരിട്ടോ അല്ലാതെയോ നടത്തുകയോ അതില്‍ പങ്കാളിത്തം വഹിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. തങ്ങളെ ഏല്‍പിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ ഹജ്, ഉംറ മന്ത്രാലയത്തിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഹജ് ഓഫീസുകള്‍ അനുവദിക്കണം. പ്രകടന മൂല്യനിര്‍ണയത്തിന്റെ ഫലം ശരാശരിയെക്കാള്‍ കുറവാണെങ്കില്‍ തുടര്‍ന്നുള്ള സീസണുകളില്‍ ഓഫീസ് ജീവനക്കാരുടെ എണ്ണം കുറക്കണം. ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതിലുള്ള ഏതു അപാകതയും പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഓഫീസിനെ നിര്‍ബന്ധിക്കുമെന്നും പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.
അംഗീകൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ഏതൊരാളും ഹജിന് വരുന്നത് തടയാനും നിയമ വിരുദ്ധ രീതിയില്‍ ഹജ് കര്‍മം നിര്‍വഹിക്കുന്നത് നിയമാനുസൃത രീതിയില്‍ ഹജിന് വരുന്നവര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനും സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ആവശ്യമായ മുഴുവന്‍ നടപടികളും ഹജ് ഓഫീസ് സ്വീകരിക്കണമെന്ന് പുതിയ വ്യവസ്ഥകള്‍ അനുശാസിക്കുന്നു. ഹാജിമാരുടെ സേവനത്തിനുള്ള തമ്പുകളും താമസസ്ഥലങ്ങളും വാഹനങ്ങളും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും അവ വാടകക്ക് നല്‍കുന്നതിനും പ്രത്യേകം ലക്ഷ്യമിട്ടവരല്ലാത്ത തീര്‍ഥാടകരെ അവ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അവയിലേക്ക് പ്രവേശനം നല്‍കുന്നതിനും വിലക്കുണ്ട്.
ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താനാണ് ഹജ് മിഷനുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നത്. ഹജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കുകയും ജീവനക്കാരുടെ എണ്ണം നിര്‍ണയിക്കുകയും സേവനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കാനുള്ള നടപടികള്‍ നിര്‍ണയിക്കുകയും ചെയ്യും. ഹജ് ഓഫീസുകളുടെ അംഗീകരാത്തിന് നയതന്ത്ര മേഖല വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഹജ് ഓഫീസുകള്‍ ഇ-ട്രാക്കുമായി ലിങ്ക് ചെയ്യണമെന്നും ഹജ് സീസണിലെ ഹജ് ഓഫീസുകളുടെ പ്രവര്‍ത്തന പദ്ധതി ഹജ്, ഉംറ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് നിശ്ചിത സമയത്ത് സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.