കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാലര വര്‍ഷം സര്‍ക്കാര്‍ അടയിരുന്നെന്ന വിമർശനവുമായി കഥാകൃത്ത് ടി.പദ്മനാഭന്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് പറയുന്നു, എന്നാല്‍ അങ്ങനയെല്ലെന്ന് അദ്ദേഹം വിമർശിച്ചു.
എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. റിപ്പോർട്ടിലെ തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണ്. എല്ലാ കാര്‍ഡും മേശപ്പുറത്ത് ഇടണം.
ഒരു കാർഡ് പോലും മേശയ്ക്കുള്ളില്‍ പൂട്ടിവയ്ക്കരുത്. അപ്പോള്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം വരൂ.
താന്‍ ഏറെ ദുഃഖിതനാണ്. സര്‍ക്കാരിന്റെ വിഷമത്തിലോ നടന്മാരുടെ ദുഃഖത്തിലോ താന്‍ ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നവരുടെ ദുരിതത്തിലും താന്‍ ദുഃഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.