കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരേയുള്ള ലൈംഗികാതിക്രമ പരാതിക്കു പിന്നാലെ, ഫേസ്ബുക്ക് തത്കാലം ഉപേക്ഷിക്കുകയാണെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് നടി വ്യക്തമാക്കി. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അവർ ഫേസ്ബുക്കിലെ കുറിപ്പിൽ അഭ്യർത്ഥിച്ചു.
നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്തിന് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. രാജിയിൽ തനിക്ക് സന്തോഷമോ ദു:ഖമോ ഇല്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ച നടി, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദറിന് ഇ മെയിൽ വഴി പരാതി അയക്കുകയുമുണ്ടായി. ഈ പരാതി നോർത്ത് പോലീസിന് കൈമാറുകയും ജാമ്യമില്ലാ വകുപ്പിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഈ പരാതിയിൽ ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യം വീഡിയോ കോൾ മുഖേന നടിയുമായി സംസാരിക്കാനും തുടർന്ന് കോടതി സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്താനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ, പോലീസ് കേസിന് പിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് രഞ്ജിത്ത്.