ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. പോരാടുന്ന സ്‌ത്രീകൾക്ക് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അവസരം വാഗ്ദാനം ചെയ്‌തുള്ള ലൈംഗിക പീഡനങ്ങൾ എല്ലായിടത്തും ഉള്ളതാണെന്നും എക്‌സിൽ അവർ കുറിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് 24ഉം 21ഉം വയസുള്ള പെൺമക്കളുമായി സംസാരിച്ചിരുന്നുവെന്നും അതിജീവിതരോട് അവർക്ക് തോന്നിയ സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്‌ബു കുറിച്ചു.
ഖുശ്‌ബുവിന്റെ കുറിപ്പിൽ പറയുന്നത്:
‘ഈ സമയത്ത് അതിജീവിതരെ ശക്തമായി പിന്തുണയ്‌ക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങളുടെ തുറന്നു പറച്ചിലുകൾ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം എന്നുമാത്രം. എത്ര നേരത്തേ പറയുന്നോ അത്രയും വേഗം മുറിവുകൾ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുന്നു. അപകീർത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്‌തു? എന്തിനുവേണ്ടി ചെയ്‌തു? തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകർത്ത് കളയുന്നത്. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തവരാകും. പക്ഷേ നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. അവരെ കേൾക്കാനുള്ള മനസ് കാണിക്കണം’
‘എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല എന്ന് ചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല. ഒരു സ്‌ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ ഇത്തരം അതിക്രമങ്ങൾ ഉണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല, ആത്മാവിൽപോലും ആഴ്‌ന്നിറങ്ങുന്നതാണ്. ഇത്തരം ക്രൂരതകൾ നമ്മുടെ വിശ്വാസത്തിന്റെയും ശക്തിയുടെയും അടിത്തറ അപ്പാടെയിളക്കും. പിതാവിൽ നിന്ന് എനിക്കുണ്ടായദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തേ പറയേണ്ടതായിരുന്നു.’
‘എന്നാൽ, എനിക്കുണ്ടായ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്‌ച ചെയ്യുന്നതിന് വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ ആ സമയത്ത് സംരക്ഷിക്കേണ്ട ആൾ തന്നെയാണ് എന്നെ ചൂഷണം ചെയ്‌തത്. നിങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണത്. ഞങ്ങൾക്കൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്‌നേഹവും നൽകുന്ന സ്‌ത്രീയെ ബഹുമാനിക്കുക.’