റിയാദ്- സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയല്‍ നാഷണല്‍ സോക്കര്‍ കലാശപ്പോരാട്ടം ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7.30 റിയാദ് അല്‍നാസിരിയ മുറൂറിന് സമീപം റിയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ അരങ്ങേറും. കലാശപ്പോരാട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള ചാംസ് സബീന്‍ എഫ്.സിയും കിഴക്കന്‍ പ്രവിശ്യ പ്രതിനിധികളായ ഫസഫിക് ലൊജിസ്റ്റിക് ബദര്‍ എഫ്.സിയുമായി മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൗദിയില്‍ ആദ്യമായാണ് ദേശീയ തലത്തില്‍ ഇത്തരത്തിലൊരു മേള സംഘടിപ്പിക്കുന്നത്. ഇരു ടീമുകളിലുമായി സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങള്‍ ബൂട്ട് കെട്ടും. മല്‍സരം വീക്ഷിക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനലിനോടുബന്ധിച്ച് കാണികള്‍ക്കായി നറുക്കെടുപ്പിലൂടെ സോണാ ജ്വല്ലേഴ്‌സും ഗ്ലോബല്‍ ട്രാവല്‍സും സംയുക്തമായി നല്‍കുന്ന ഗോള്‍ഡ് കോയിന്‍ അടക്കമുള്ള സമ്മാനങ്ങളും തയ്യാറാക്കുന്നുണ്ട്. മല്‍സരത്തില്‍ മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി എന്നിവര്‍ക്കൊപ്പം കെ.എം.സി.സി ദേശീയ നേതാക്കളും വിവിധ പ്രവിശ്യ ഭാരവാഹികളും പങ്കെടുക്കും.
2024ലെ സൗദി കെ.എം.സി.സിയുടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബിസിനസ് അവാര്‍ഡ് വിജയ് വര്‍ഗ്ഗീസ് മൂലനും കായിക രംഗത്തെ സമഗ്ര സംഭാവനക്കായി എഞ്ചിനിയര്‍ ഹാഷിം മെമ്മോറിയല്‍ അവാര്‍ഡ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ സമീര്‍ കൊടിയത്തൂരിനും സമ്മാനിക്കും.
വിജയ് വര്‍ഗ്ഗീസ് മൂലന്‍ കലാരംഗത്തും കായിക രംഗത്തും കേരളത്തില്‍ സജീവ സാന്നിധ്യമാണ്. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുളള ജയ് മസാല നൂറോളം വ്യത്യസ്ത ഇനങ്ങളുമായി മീഡില്‍ ഈസ്റ്റില്‍ നിറസാന്നിധ്യമാണ്.
ഷമീര്‍ കൊടിയത്തൂര്‍ നിലവില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. രണ്ടായിരത്തില്‍ ദമാമിലെത്തുകയും മലബാര്‍ ക്ലബ്ബിന് രൂപം നല്‍കുകയും തുടര്‍ന്ന് അത് ബദര്‍ എഫ്.സി ക്ലബ്ബായി രൂപാന്തരപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ട് കിഴക്കന്‍ പ്രവിശ്യയില്‍ നടക്കുന്ന മേളകളിലൊക്കെ കലാശപ്പോരാട്ടത്തില്‍ ബദര്‍ ക്ലബ്ബ് ഒഴിച്ചു കൂടാന്‍ പറ്റാത്ത നാമമായി മാറി. തന്റെ സ്ഥാപനത്തില്‍ കളിക്കാനറിയുന്ന താരങ്ങളെ മാത്രം റിക്രൂട്ട് ചെയ്യുകയും സൗദിയില്‍ നടക്കുന്ന മേളകളിലൊക്കെ ബദര്‍ ക്ലബ്ബ് താരങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്തു. ഇത്തരത്തില്‍ മുപ്പതോളം കളിക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.
സമാപനത്തോടനുബന്ധിച്ച് പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ മാര്‍ച്ച് പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോല്‍ക്കളി, നാസിക് ദോള്‍, ശിങ്കാരി മേളം, പുലിക്കളി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിയാദ് പാലക്കാട് ജില്ലാ കെ.എം.സി.സി ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരവും ഇതേ ഗ്രൗണ്ടില്‍ അന്ന് നടക്കും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സൗദി അമ്പയര്‍മാര്‍ മല്‍സരം നിയന്ത്രിക്കും.