തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016 ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് നടി കഴിഞ്ഞ ദിവസം പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്‌തുവെന്ന് നടി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു. പരാതി പ്രത്യേക സംഘത്തിന് കൈമാറും.
2018ൽ സമൂഹമാദ്ധ്യമങ്ങളിലൂടെ നടി വിഷയം ഉന്നയിച്ചിരുന്നു. 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെക്കുകയായിരുന്നു.
പ്രത്യേക സംഘത്തിലെ എസ് പി കഴിഞ്ഞ ദിവസം നടിയെ ഫോണിൽ ബന്ധപ്പെട്ട് പരാതി നൽകാൻ തയ്യാറാണോയെന്ന് ആരാഞ്ഞിരുന്നു. നിയമോപദേശം തേടിയശേഷമാണ് നടി പരാതി നൽകിയത്. നടിക്കെതിരെ സിദ്ദിഖ് നൽകിയ പരാതിയും ഡി ജി പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം.
പലപ്പോഴും വ്യത്യസ്ത ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം. ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം. നടിയോട് മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും ഡി ജി പിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടി പീഡനപരാതി രേഖാമൂലം നൽകിയത്.