റിയാദ്: തലസ്ഥാന നഗരിയിലെ വാഹനങ്ങളുടെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി റിയാദ് നഗരസഭ അറിയിച്ചു.
അൽവുറൂദ്, റഹ്മാനിയ, ഒലയ്യയുടെ പടിഞ്ഞാർ ഭാഗം, മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ എന്നീ സ്ട്രീറ്റുകളിലും നഗരത്തിന്റെ തെക്ക് ഭാഗത്തെ നാലു സ്ട്രീറ്റുകളിലുമടക്കം 12 കേന്ദ്രങ്ങളിലെ പൊതുനിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും 24000വും താമസ കേന്ദ്രങ്ങളിൽ 140000വും പാർക്കിംഗ് സൗകര്യമാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് പാർക്കിംഗ് സൗകര്യം പെട്ടെന്ന് കണ്ടുപിടിക്കാനും ഒഴിഞ്ഞ പാർക്കിംഗ് സ്ഥലങ്ങൾ അറിയാനും ഇതുവഴി സാധ്യമാകും.
നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ സഞ്ചാരം സുഗമമാക്കുന്നതിന് മികച്ചതും നൂതനവുമായ പരിഹാരങ്ങൾ വികസിപ്പിച്ച് ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന സുപ്രധാന പദ്ധതിയാണിത്. റീമാത്ത് റിയാദ് ഡവലപ്‌മെന്റ് കമ്പനിയും സൊലൂഷൻസ് പൈ എസ്ടിസി കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വർഷത്തേക്കാണ് പാർക്കിംഗ് സ്ഥലങ്ങളുടെ അറ്റകുറ്റപണികൾക്ക് കരാർ നൽകിയിരിക്കുന്നത്.