- സുരേഷ് ഗോപിക്കു മേൽ ബി.ജെ.പി നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
തിരുവനന്തപുരം: നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളെ മാധ്യമങ്ങൾക്കെതിരേ തിരിച്ച് നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, നടിയടെ ലൈംഗികാരോപണത്തിൽ മുകേഷ് രാജിവെക്കണം എന്നു തന്നെയാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാമെന്നും ബി.ജെ.പിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സുരേഷ് ഗോപി പറഞ്ഞതുപോലെ ലൈംഗികാരോപണം മാധ്യമ സൃഷ്ടിയല്ലെന്നും സുരേന്ദ്രൻ തിരുത്തി. സുരേഷ് ഗോപിക്കു മേൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
കൊല്ലം എം.എൽ.എയുടെ രാജി എഴുതി വാങ്ങാൻ പിണറായി വിജയൻ തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണമാണ്. ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നും വലിയൊരു സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു നടിമാർ മുകേഷിനെതിരേ ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ നടൻ സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്.
‘മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദം മാധ്യമങ്ങളുടെ തീറ്റയാണ്. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും’ സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു.
സുരേഷ് ഗോപി പറഞ്ഞത് ചുവടെ…
‘ഇത് നിങ്ങളുടെ തീറ്റ, വലിയൊരു സംവിധാനത്തെ തകിടം മറിക്കരുത്’: ലൈംഗികാരോപണങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: ചലച്ചിത്ര താരങ്ങൾക്കെതിരേ നടിമാർ ഉയർത്തിയ ആരോപണങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമാ മേഖലക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
നടനും കൊല്ലത്തെ സി.പി.എം എം.എൽ.എയുമായ എം മുകേഷിനെതിരേ നടി ഉയർത്തിയ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോ, കാര്യങ്ങൾ കോടതി പറയും. ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ്. നിങ്ങളത് വെച്ച് കാശുണ്ടാക്കിക്കോ. ഒരു കുഴപ്പവുമില്ല. പക്ഷേ, വലിയൊരു സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. ഈ വിഷയങ്ങളെല്ലാം കോടതിക്കു മുന്നിലുണ്ട്. കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കും. കോടതിക്കു ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ നിങ്ങൾ വഴി തെറ്റിച്ചു വിടുകയാണ്. പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണുള്ളത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്? എന്താണ് പറയുന്നത്? നിങ്ങൾ കോടതിയാണോയെന്നും പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞെന്നും ചോദ്യങ്ങളോടായി കുപിതനായി സുരേഷ് ഗോപി പ്രതികരിച്ചു.
കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും അതിന്റെ പവിത്ര മാനിക്കണമെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ടത് അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഓഫീസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ വാദവും കേന്ദ്രമന്ത്രി മുന്നോട്ടുവച്ചു.