തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എ.ഡി.ജി.പി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അംഗങ്ങൾ ഉൾപ്പെടെ ഏഴ് അംഗങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആരോപണം ഉന്നയിച്ചവരിൽനിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിയും ഡി.ജി.പിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിഷയത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയുണ്ടായി. പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ പോലീസ് ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.
അന്വേഷണത്തിന് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡി.ഐ.ജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ് എസ്.പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എ.ഐ.ജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി.ഡയരക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ലോ ആൻഡ് ഓർഡർ എ.ഐ.ജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനൻ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.