ന്യൂദൽഹി- നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുളള മോഡി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയെങ്കിലും ഇന്ത്യയുടെ മാനസികാവസ്ഥയിൽ കാര്യമായ മാറ്റം വന്നുവെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് ഇക്കാര്യമുള്ളത്.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ആരാണ് ഏറ്റവും അനുയോജ്യൻ എന്ന ചോദ്യത്തിന്, നരേന്ദ്ര മോഡിയുടെ റേറ്റിംഗ് ആദ്യമായി 50% ൽ താഴെ എത്തി. 49% പേരാണ് മോഡിയെ പിന്തുണക്കുന്നത്. കഴിഞ്ഞ സർവേയിൽനിന്ന് 7.3 ശതമാനത്തിന്റെ ഞെട്ടിക്കുന്ന ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നവർ 22 ശതമാനമായി ഉയർന്നു.
ഇ.ഡി, ആദായ നികുതി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, 46% പേർ അതേയെന്ന് ഉത്തരം നൽകി. 38% പേർ മാത്രമാണ് എല്ലാ സർക്കാരുകളും ഇത് ചെയ്യുന്നുണ്ട് എന്ന് മറുപടി നൽകിയത്. സർക്കാർ ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് കഴിഞ്ഞ തവണ 43% പേർ ആയിരുന്നു അതേ എന്ന് ഉത്തരം നൽകിയിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യത്തിൻ്റെ മാനസികാവസ്ഥയിലേക്കുള്ള വിലയേറിയ കാഴ്ചയാണിത് എന്നാണ് രാഷ്ട്രീയ ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് സർവേയെ വിശേഷിപ്പിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും തൊഴിൽ സംബന്ധിച്ച സർക്കാർ അവകാശവാദങ്ങൾ ആളുകൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ എന്നത്തേക്കാളും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സർവേയിൽ പങ്കെടുത്ത 52% ആളുകളും സാമ്പത്തിക നയങ്ങൾ വൻകിട ബിസിനസുകാർക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പുതിയ സർവേയിൽ അവരുടെ എണ്ണം 58% ആയി ഉയർന്നു.
രാഹുൽ ഗാന്ധിയുടെ പ്രകടനം മികച്ചതാണെന്ന് സർവേയിൽ പങ്കെടുത്തവരിൽ 51% പേരും അഭിപ്രായപ്പെട്ടു. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രകടനം ബി.ജെ.പി നേതാക്കളെ അടക്കം പിറകോട്ടടിപ്പിച്ചുവെന്നും രാഹുലിനെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനും മറ്റ് പേരുകൾ നൽകാനുമുള്ള പ്രചാരണം തിരിച്ചടിയായതായും അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ നേതാക്കളുടെയും ഇടയിൽ മികച്ച പിന്തുണയുള്ളതും രാഹുലിനാണ്. രാഹുലിന്റെ റേറ്റിംഗ് 32% ആയി ഉയർന്നു. ആറ് മാസം മുമ്പ് 21 ശതമാനം ആയിരുന്നു ഇത്. അഖിലേഷ് യാദവിന് എട്ടു ശതമാനം പേരുടെ പിന്തുണയുണ്ട്.
പ്രധാനമന്ത്രിയായി ബി.ജെ.പി നിരയിൽ രണ്ടാമത് പിന്തുണയുള്ളത് അമിത് ഷാക്കാണ്. 20 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യോഗി ആദിത്യനാഥിന് 20 ഉം നിതിൻ ഗഡ്കരിക്ക് 19 ശതമാനം പേരുടെയും പിന്തുണയുണ്ട്.
ജാതി സെൻസസ് ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം 74 ശതമാനമായി ഉയർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 59 ശതമാനം മാത്രമായിരുന്നു.