കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. താൻ ഇക്കാര്യം വർഷങ്ങൾക്കു മുമ്പേ പറഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ ഒഴികെ ആരും സഹായത്തിനുണ്ടായില്ലെന്നും സിദ്ദിഖ് ക്രിമിനലാണെന്നും അവർ വ്യക്തമാക്കി.
വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് മോഡൽ കൂടിയായ രേവതി ആരോപണം ഉന്നയിച്ചത്. പ്‌ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് നടൻ സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ… എന്ന് വിളിച്ചായിരുന്നു സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. അത്രമാത്രം മോശമായ അനുഭവമാണുണ്ടായത്.
2016-ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ’ എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
അവിടെ വച്ച് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയുമുണ്ടായി. തുടർന്ന് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമുണ്ടായി. വാക്കാലും ലൈംഗികാധിക്ഷേപം നടത്തി. ഇപ്പോൾ കാണുന്ന മുഖമല്ല ഇയാൾക്ക്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇയാൾ ഇല്ലാതാക്കിയെന്നും നടി വ്യക്തമാക്കി.
‘തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും സിദ്ദിഖ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഫേസ് ബുക്കിൽ 2019-ൽ ഞാൻ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിടുകയാണുണ്ടായതെന്നും താരം സങ്കടത്തോടെ പറഞ്ഞു.
ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് ഞാൻ മുക്തയായിട്ടില്ലെന്നും നടി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി വീണ്ടും തന്റെ പരാതി കെട്ടഴിച്ചത്. ഇത് സർക്കാർ സംവിധാനങ്ങളോ താരസംഘടനയായ അമ്മയോ ഗൗരവമായെടുത്ത് നടപടി സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന വിവിധ പ്രതികരണങ്ങളും ഉയർന്നെങ്കിലും പിണറായി സർക്കാർ ഇതുവരെയും കേസെടുത്ത് തുടർ നടപടികൾക്കു തയ്യാറായിട്ടില്ല. ലൈംഗികാരോപണം ഉയർന്ന ചെയർമാനെ സംരക്ഷിക്കാനായിരുന്നു വകുപ്പ് മന്ത്രി സജി ചെറിയാൻ ശ്രമിച്ചതെങ്കിലും ആനി രാജയെ പോലുള്ള സി.പി.ഐ നേതാക്കളും അവരുടെ യുവജന സംഘടനകളും അടക്കം ഇടതു പക്ഷത്ത് രഞ്ജിത്ത് ചെയർമാൻ പദവി രാജിവെച്ച് നടപടി നേരിടണമെന്ന ശക്തമായ വികാരമാണ് ഉയർത്തിയത്. രാജിവെച്ചില്ലെങ്കിൽ വനിതകളുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമിക്കു മുമ്പിൽ അനിശ്ചിതകാല നിരാഹരം ഇരിക്കുമെന്ന് കെ അജിതയുടെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളും സാംസ്‌കാരിക മന്ത്രിയുടെയും സർക്കാറിന്റെയും സമീപനങ്ങൾക്കെതിരേ ശക്തമായി രംഗത്തുണ്ട്. ഇരകൾക്കൊപ്പമെന്ന് വീരവാദം പറയുന്നവർ വേട്ടക്കാരും ആരോപണവിധേയരുമായ പ്രമുഖരെ സംരക്ഷിക്കാതെ, മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ആർജവം കാണിക്കുമോ എന്നാണ് സർക്കാറിനെതിരേ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.