തിരുവനന്തപുരം: സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പോളി ടെക്നിക് കോളജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിത്തടം എം.ജി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി തിരുവല്ലം സ്വദേശി ബിജിത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്നാണ് ബിജിത്ത് ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സീനിയർ വിദ്യാർഥികൾ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്ന് ബിജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചു. ശാരീരിക അതിക്രമത്തിന്റേതായ പാടുകളൊന്നും മൃതശരീരത്തിലില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.