ജിദ്ദ – രണ്ടാഴ്ച മുമ്പ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ച പരിഷ്‌കരിച്ച തൊഴില്‍ നിയമത്തിൽനിന്ന് അഞ്ചു വിഭാഗങ്ങളെ ഒഴിവാക്കുന്നതായി ഇന്നലെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമക്കുന്നു. ഈ വിഭാഗങ്ങള്‍ക്ക് തൊഴില്‍ നിയമം അനുസരിച്ച പരിരക്ഷകളും ആനുകൂല്യങ്ങളും ലഭിക്കില്ല. 500 ടണ്ണില്‍ കുറവ് കേവുഭാരമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്ന കടല്‍ തൊഴിലാളികളെ പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പഴയ നിയമത്തില്‍ ഈ വിഭാഗം തൊഴിലാളികള്‍ ഉള്‍പ്പെട്ടിരുന്നു.
ക്ലബ്ബ് കളിക്കാര്‍, പരിശീലകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്കും പുതിയ തൊഴില്‍ നിയമം ബാധകമല്ല. തൊഴിലുടമയുടെ കുടുംബാംഗങ്ങളായ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ മറ്റു ജോലിക്കാര്‍ ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വ്യക്തിഗത തൊഴിലുടമകള്‍ക്കു കീഴിലെ കാര്‍ഷിക തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും പരിഷ്‌കരിച്ച തൊഴില്‍ നിയമം ബാധകമല്ല.
സ്വകാര്യ മേഖലാ ജീവനക്കാരന് സ്വന്തം വിവാഹത്തിന് പൂര്‍ണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. ഭാര്യയോ മാതാപിതാക്കളില്‍ ആരെങ്കിലുമോ മക്കളില്‍ ആരെങ്കിലുമോ മരണപ്പെടുന്ന സാഹചര്യങ്ങളിലു ഇതേപോലെ വേതനത്തോടു കൂടി അഞ്ചു ദിവസത്തെ അവധിക്ക് ജീവനക്കാരന് അവകാശമുണ്ട്. സഹോദരനോ സഹോദരിയോ മണപ്പെടുമ്പോള്‍ വേതനത്തോടെ മൂന്നു ദിവസത്തെ അവധിയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. കുഞ്ഞ് ജനിക്കുമ്പോഴും ഇതേപോലെ വേതനത്തോടെ മൂന്നു ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ട്. പ്രസവം നടന്ന് ഏഴു ദിവസത്തിനകമാണ് ഈ അവധി പ്രയോജനപ്പെടുത്തേണ്ടത്.
ഇത്തരം സാഹചര്യങ്ങളിലെല്ലാം അവയെ പിന്തുണക്കുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ തൊഴിലുടമക്ക് അവകാശമുണ്ട്. വിവാഹത്തിനും മാതാപിതാക്കളോ മക്കളോ ഭാര്യയോ മരണപ്പെടുമ്പോഴും വേതനത്തോടു കൂടി അഞ്ചു ദിവസത്തെ അവധി പഴയ നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. സഹോദരനോ സഹോദരിയോ മരണപ്പെടുമ്പോള്‍ വേതനത്തോടു കൂടിയ മൂന്നു ദിവസത്തെ അവധി ഭേദഗതിയിലൂടെ നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
ഗര്‍ഭിണികളായ ജീവനക്കാരികള്‍ക്ക് പൂര്‍ണ വേതനത്തോടെ 12 ആഴ്ചക്കാലം പ്രസാവവധിയായി നിയമ ഭേദഗതി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ ആറാഴ്ചക്കാലം പ്രസവം നടന്ന ശേഷം പ്രയോജനപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ശേഷിക്കുന്ന ആറാഴ്ചക്കാലം പ്രസവം നടക്കാന്‍ സാധ്യതയുള്ളതായി കണക്കുന്ന തീയതിക്ക് നാലാഴ്ച മുമ്പു മുതല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ക്രമീകരിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രസവാവധി വേതനമില്ലാതെ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും വനിതാ ജീവനക്കാരിക്ക് അവകാശമുണ്ട്. രോഗിയോ വികലാംഗനോ ആയ കുഞ്ഞാണ് പിറക്കുന്നതെങ്കിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരന്തരം ഒപ്പംനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രസവാവധി പൂര്‍ത്തിയായ ശേഷം പൂര്‍ണ വേതനത്തോടെ ഒരു മാസത്തെ കൂടി അവധി ലഭിക്കാന്‍ വനിതാ ജീവനക്കാരിക്ക് അവകാശമുണ്ട്. ഇതിനു ശേഷം ഒരു മാസം വേതനരഹിത അവധിയും പ്രയോജനപ്പെടുത്താന്‍ വനിതാ ജീവനക്കാരിക്ക് അവകാശമുണ്ടെന്ന് പരിഷ്‌കരിച്ച തൊഴില്‍ നിയമം വ്യക്തമാക്കുന്നു.
തൊഴില്‍ നിയമം പരിഷ്‌കരിക്കാനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇന്നലെ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറായില്‍ പ്രസിദ്ധീകരിച്ചു. തൊഴില്‍ നിയമത്തിലെ 38 വകുപ്പുകളാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏഴു വകുപ്പുകള്‍ ഇല്ലാതാക്കി. രണ്ടു വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 180 ദിവസത്തിനു ശേഷം പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രാബല്യത്തില്‍വരും.
സഹോദരനോ സഹോദരിയോ മരണപ്പെടുമ്പോള്‍ മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധി, വനിതാ ജീവനക്കാരുടെ വേതനത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയായി വര്‍ധിപ്പിക്കല്‍, ഓവര്‍ടൈം വേതനത്തിനു പകരം വേതനത്തോടു കൂടിയ അവധി ലഭിക്കാന്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പരസ്പര ധാരണയിലെത്താനുള്ള അവസരം, ഒരു കാരണവശാലും പരമാവധി 180 ദിവസത്തില്‍ കവിയാത്ത നിലക്ക് പ്രൊബേഷന്‍ കാലം തൊഴില്‍ കരാറില്‍ നിര്‍ണയിക്കല്‍ എന്നിവ ഭേദഗതികളില്‍ പെടുന്നു.
കാലാവധി പ്രത്യേകം നിര്‍ണയിക്കാത്ത തൊഴില്‍ കരാറുകള്‍ റദ്ദാക്കാന്‍ നല്‍കുന്ന നോട്ടീസ് കാലയളവിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിയാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ നോട്ടീസ് കാലയളവ് 30 ദിവസവും തൊഴിലുടമയാണ് നല്‍കുന്നതെങ്കില്‍ നോട്ടീസ് കാലയളവ് 60 ദിവസവുമായി ഭേദഗതി നിര്‍ണയിക്കുന്നു. തൊഴിലില്‍ തുല്യഅവസരം ദുര്‍ബലപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന ഒന്നും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തൊഴിലുടമയെ പുതിയ ഭേദഗതി വിലക്കുന്നു. ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും തൊഴില്‍ പരിശീലന കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഭേദഗതികളില്‍ ഒന്ന് ആവശ്യപ്പെടുന്നു.
കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കാനും പുതിയ തൊഴില്‍ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഇത് തൊഴില്‍ വിപണി തന്ത്രങ്ങള്‍ക്കും സൗദി അറേബ്യ അംഗീകരിച്ച അന്താരാഷ്ട്ര കരാറുകള്‍ക്കും അനുസൃതമാണ്. മാനവശേഷി വികസനത്തിനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ക്ക് പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സൗദിയിലെ തൊഴില്‍ വിപണി മെച്ചപ്പെടുത്താനും തൊഴില്‍ സ്ഥിരത വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രാലയം പറഞ്ഞു.