ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായി ജീവിതം നയിച്ച വണ്ടൂര്‍ കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കല്‍ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്‍ എന്ന മാനു (65)വിനെ സഹോദരി പുത്രനും ഖത്തറിലെ ഇസ്ലാമിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ ഷഹീൻ ഹംസ ഓർത്തെടുക്കുന്നു.
കണ്ണീർ മഷിയാക്കി എഴുതുന്ന ഈ നിമിഷത്തിൽ മാനുവാക്ക എന്ന ഞങ്ങളുടെ അമ്മാവനെ പറ്റി, അദ്ദേഹം അടയാളപ്പെടുത്തിയ ജീവിതത്തെ പറ്റി ഒരുപാട് എഴുതണമെന്നുണ്ട്. പക്ഷെ, സഹജീവികളെ നന്നായി സ്നേഹിക്കാൻ അറിയുന്ന ആളാകുമ്പോൾ തന്നെ മറ്റുള്ളവർക്ക് എപ്പോഴും ചങ്ക് പറിച്ചു കൊടുക്കുന്ന ആളായിട്ടാണ് മൂപ്പരെ പരിചയപ്പെട്ട ഏതൊരാളും പറയുക. അത്രത്തോളം പറയാനുണ്ട്. മത സാമൂഹിക സാംസ്കാരിക കല കായിക രാഷ്ട്രീയ മേഖലയിൽ എന്നും അപ്ഡേറ്റഡ് ആയിരുന്നു എന്ന് മാത്രമല്ല എപ്പോഴും ഒരു മാനാക്ക ടച്ച് ഉണ്ടായിരുന്നു എല്ലാറ്റിലും. നാട്ടുകാരെ അറിയുന്ന യുവാക്കളുടെ സ്പന്ദനമായിരുന്നു എന്ന് വെറുതെ പറയുന്നതല്ലെന്ന് അഞ്ചച്ചവിടി എന്ന ഗ്രാമം സാക്ഷ്യം പറയും.
ജീവിതത്തിന്റെ ഓർമ്മകളോടൊപ്പം സഞ്ചരിക്കുമ്പോൾ, നിങ്ങൾ ശേഷിപ്പിച്ച സുന്ദരമായ ഓർമകളിലാണ് സാന്ത്വനം കണ്ടെത്തുന്നത്. ജീവിതത്തിൽ ദിശാബോധം വളർത്താനും മറ്റുള്ളവരുടെ മനസ്സിൽ സദാ ജീവിക്കാനും നമ്മെ പ്രേരിപ്പിച്ച ഒരു വ്യക്തി ആയിരുന്നു. സ്വന്തം മഹല്ല് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകായിരം ആളുകളിൽ നിങ്ങളുണ്ടാക്കിയ ആഴമുള്ള സ്വാധീനം, നിങ്ങളോട് ചേർന്നിരുന്നവരോട് നിങ്ങളെപറ്റി പറയാനുള്ളത്, നിങ്ങളുടെ നിസ്വാർത്ഥമായ സ്നേഹമാണ്, സഹായഹസ്തങ്ങളാണ്.
ജിദ്ദയിലെ ബാല്യകാലത്ത് നിങ്ങൾ നൽകിയ സ്നേഹത്തിന്റെ വാത്സല്യവും സാന്ത്വനവും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ നൽകിയ പിന്തുണയും ഞാൻ ഇന്നും ഓർക്കുന്നു., ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിച്ച്, നിങ്ങൾ ഓരോരുത്തരിലും അവിശ്വസനീയമായ സ്വാധീനം ചെലുത്തി.
നിങ്ങളുടെ ആ വിശാലമായ ബന്ധങ്ങൾ ഏറെ ഉപകാരപ്രദമായിരുന്നു.
നിങ്ങളെ അറിയാൻ അവസരം ലഭിച്ച ഓരോരുത്തരും നിങ്ങളുടെ കൂടെയുള്ള നല്ല ബന്ധങ്ങളുടെ കഥകൾ അയവിറക്കാനുണ്ടാകും. ഉയർന്ന ലക്ഷ്യങ്ങൾ തേടാൻ നിങ്ങൾ നിരന്തരം പ്രേരിപ്പിച്ചു. നിങ്ങളുടെ സോളോ വിദേശ യാത്രകളും വിവരണങ്ങളും ഒക്കെ ഓർത്തു പോകുന്നു.
അല്ലാഹു നിങ്ങൾക്ക് സമൃദ്ധി പ്രദാനം ചെയ്യട്ടെ. നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ കരുത്തും സാന്ത്വനവും നല്കട്ടെ. നിങ്ങളുടെ ഓർമ്മകൾ എല്ലായ്പ്പോഴും ഞങ്ങളുടെ മനസ്സിൽ പകർന്നു സൂക്ഷിക്കപ്പെടുകയും നിങ്ങളുടെ പാരമ്പര്യം സദാ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും. ഹൃദയത്തിലുറച്ച പ്രാർത്ഥനകളോടെയും സ്‌നേഹത്തോടെയും വിട.