ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചുള്ള വഖഫ് ഭേദഗതി ബില്ല് പാസാക്കൽ നരേന്ദ്ര മോഡി സർക്കാറിന് എളുപ്പമാവില്ല. എൻ.ഡി.എയിലെ ഘടകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവും ബില്ലിനെതിരാണെന്നാണ് വിവരം.
പുതിയ വഖഫ് ഭേദഗതി ബില്ലിനെ തെലുഗുദേശം പാർട്ടിയും ജനതാദൾ യുവും എതിർക്കുമെന്ന് ഇരു പാർട്ടിയുടെയും നേതാക്കൾ ഉറപ്പു നൽകിയതായി മുസ്‌ലിം വ്യക്തി നിയമ ബോർഡ് നേതാക്കൾ പറഞ്ഞു. ബില്ല് പാസാക്കുന്നതിൽ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാട് നിർണായകമാണെന്നിരിക്കെ, ഇത് അവഗണിച്ച് മോഡി സർക്കാറിന് മുന്നോട്ടു പോകാനാവില്ല. ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സഭയിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കാൻ നിർബന്ധിതമായിരുന്നു. ഇന്നലെ ചേർന്ന ജെ.പി.സിയുടെ പ്രഥമ യോഗത്തിൽതന്നെ ടി.ഡി.പിയും ജെ.ഡിയുവും ബില്ലിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ മുഖവിലക്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പാർട്ടികൾക്കു പുറമെ, വിവിധ രാഷ്ട്രിയ പാർട്ടികളുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡും വിവിധ സംഘടനകളും ചർച്ചകൾ നടത്തിയിട്ടുണ്ട്. അതേപോലെ പ്രതിപക്ഷത്തെ ശിവസേന, ആർ.ജെ.ഡി, ഡി.എം.കെ, എൻ.സി.പി പാർട്ടികളുമായും ചർച്ച നടത്തിയെന്നും അവരും ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പ് നൽകിയതായി മുസ്‌ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സെയ്ഫുല്ല റഹ്മാനി പ്രതികരിച്ചു.
വഖഫ് സ്വത്തിന്റെയോ വഖഫ് ബോർഡുകളുടെയോ നിലവിലെ നിയമസാധുതയോ അധികാരങ്ങളോ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള യാതൊരിടപെടലുകളും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നിലപാട്. അത്തരം നീക്കങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നും സർക്കാർ ഭേദഗതിക്കു പിന്നിൽ കുരുട്ടു ബുദ്ധിയുണ്ടെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.