റിയാദ്- സൈബര്‍ ആക്രമണം ശക്തമായതോടെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന്റെ റിയാദ് പര്യടനം റദ്ദാക്കി. 30-ന് റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) നടത്താനിരുന്ന മൂന്നാം പുരസ്‌കാര ദാന ചടങ്ങ് റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ റിഫ പുരസ്‌കാരത്തിന് അഡ്വ. ജയശങ്കറിനെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50000 രൂപയും പ്രശസ്തി പത്രയും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക വിമര്‍ഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയശങ്കര്‍. സംഘാടകര്‍ ഇതുസംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്.
ആക്രമണം ശക്തമായതോടെ പരിപാടി റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്് സംഘാടകര്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍, സാമൂഹിക നിരീക്ഷകന്‍ എം.എന്‍ കാരശ്ശേരി എന്നിവര്‍ക്കാണ് മുൻ വര്‍ഷങ്ങളിലെ റിഫ പുരസ്‌കാരം സമ്മാനിച്ചത്.