ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കുന്നതിന് നിയമതടസമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങൾ നിലവിലുണ്ടെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
റിപോർട്ട് സർക്കാർ പിടിച്ചുവെച്ചതല്ല. പുറത്തുവിടുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അതിന്റെ സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്ന് മന്ത്രി പറഞ്ഞു.
ശാരീരിക മാനസിക പീഡനങ്ങൾ, തൊഴിൽ നിഷേധം, പോക്‌സോ പരിധിയിൽ വരുന്ന കുറ്റങ്ങൾ തുടങ്ങി ക്രിമിനൽ കുറ്റങ്ങളുടെ എൻസൈക്ലോപീഡിയയായിരുന്നു ഹേമ കമ്മിറ്റി റിപോർട്ട്. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പരാതി നൽകിയാലെ കേസെടുക്കാൻ കഴിയൂ എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിനിമ വകുപ്പ് മന്ത്രിയും വനിതാ കമ്മിഷനും സ്വീകരിച്ചത്. ഇതിനെ തള്ളുന്നതാണ് ധനമന്ത്രിയുടെ പ്രതികരണം.
കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാവും. റിപോർട്ടിനകത്തെ സാങ്കേതിക കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. നിലവിലുള്ള നിയമമനുസരിച്ച് കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ഭരണപരമായ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണം. തെറ്റായ കാര്യങ്ങൾ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, മറ്റേത് മേഖലയിലായാലും നിയമങ്ങൾ ഒരുപോലെയാണ്. നിയമത്തിന്റെ മുന്നിൽനിന്ന് ഒരാൾക്കും ഒഴിഞ്ഞുനിൽക്കാനാവില്ല. ആർക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസെടുക്കാൻ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.
റിപോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എകെ ബാലന്റെ പ്രതികരണം. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാനാവാത്ത തരത്തിൽ പല പ്രശ്‌നങ്ങളുമുണ്ടായി. ഒരു ഘട്ടത്തിൽ പ്രവർത്തനം സ്തംഭിക്കുമെന്നു വന്നപ്പോൾ മുഖ്യമന്ത്രിയാണ് ഇടപെട്ടത്. സിനിമാക്കാരെ ഭയമില്ല, മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇച്ഛാശക്തിയുള്ള സർക്കാറാണിതെന്നും ബാലൻ അവകാശപ്പെട്ടു.