ന്യൂഡൽഹി: മലയാളി കേന്ദ്രമന്ത്രി ജോർജ് കുര്യൻ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി മൂന്നാം മോഡി മന്ത്രിസഭയിൽ അപ്രതീക്ഷിത ഇടം ലഭിച്ച ജോർജ് കുര്യന്റെ വരവ് കേരളത്തിലെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരുന്നു. വിദ്യാർത്ഥി മോർച്ചയിൽ കൂടി 1980-കളിലാണ് ജോർജ് കുര്യൻ ബി.ജെ.പിയിൽ എത്തിയത്. ന്യൂനപക്ഷ വകുപ്പ് തന്നെ നൽകി ജോർജ് കുര്യനെ സഹമന്ത്രിയാക്കിയതിലൂടെ ക്രിസ്ത്യൻ സമൂഹത്തെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനാവുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ്.
യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പലതവണ ബി.ജെ.പിയുടെ സംസ്ഥാന സഹഭാരവാഹിയായും മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾക്കു പിന്നാലെ ഓടാതെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്ന അച്ചടക്കമുള്ള പ്രവർത്തകനായാണ് അദ്ദേഹത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം പരിഗണിച്ചത്.
ജോർജ് കുര്യനെ കൂടാതെ അസമിൽ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറിൽ നിന്ന് മന്നൻ കുമാർ മിശ്രയും ഹരിയാനയിൽ നിന്ന് കിരൺ ചൗധരിയും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ നിന്ന് ധൈര്യശീൽ പാട്ടീൽ, ഒഡീഷയിൽനിന്ന് മമത മോഹാനത, രാജസ്ഥാനിൽനിന്ന് സർദാർ രാവനീത് സിങ് ബിട്ടു, ത്രിപുരയിൽ നിന്ന് രാജിബ് ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയുടെ മറ്റു രാജ്യസഭാ സ്ഥാനാർത്ഥികൾ.