തൃശൂർ: റഷ്യയിൽ യുക്രൈൻ സേനയുടെ ഷെല്ലാക്രമണത്തിൽ റഷ്യൻ സൈനിക സംഘത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം. തൃശൂർ ജില്ലയിലെ കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപ് (36) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബന്ധുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിച്ചത്. ആദ്യം പരുക്കേറ്റുവെന്നായിരുന്നു വിവരം. പിന്നീടാണ് മലയാളി അസോസിയേഷൻ വഴി മരണം സ്ഥിരീകരിച്ചത്. റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതായും വിവരമുണ്ട്. ഇതുസംബന്ധിച്ച എംബസി അറിയിപ്പ് തിങ്കളാഴ്ച ഉണ്ടായേക്കും.
ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളായ ഏഴുപേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റസ്റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് സന്ദീപ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും താൻ സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. അതിനിടെ, പാസ്‌പോർട്ടും ഫോണും കളഞ്ഞുപോയെന്ന് അറിയിച്ചതായും പറയുന്നു.
സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും റിപോർട്ടുകളുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തിൽ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. അതനുസരിച്ച് സൈന്യത്തിൽ ചേർന്നതാകാമെന്നും തുടർന്നാണ് യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നുമാണ് പറയപ്പെടുന്നത്.
പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാൻ പ്രയാസമുട്ടുണ്ടാക്കുമെങ്കിലും ഇന്ത്യൻ എംബസി ഇടപെടൽ വഴി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മലയാളി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ അടക്കമുള്ളവരെ ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ മുഖേന അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.