ജിദ്ദ – മങ്കിപോക്‌സ് അപകടകരമല്ലെന്നും ഇതിന് വാക്‌സിന്‍ ലഭ്യമാണെന്നും രണ്ടാഴ്ചക്കുള്ളില്‍ രോഗമുക്തി സംഭവിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കു മാത്രമാണ് അണുബാധ പകരുക. അണുബാധ ഒഴിവാക്കാന്‍ പ്രതിരോധ ആരോഗ്യ നടപടികള്‍ സ്വീകരിക്കണം. മങ്കിപോക്‌സ് വൈറസ് പൊട്ടിപ്പുറപ്പെടുകയോ വ്യാപിക്കുകയോ ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
മങ്കിപോക്‌സ് വൈറസ് ബാധിക്കുന്നവര്‍ രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. ഈ വൈറസിന്റെ വ്യാപനത്തോടുള്ള പ്രതികരണം ഉറപ്പാക്കുന്ന പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പദ്ധതികളും എപ്പിഡെമോളജിക്കല്‍ അന്വേഷണ നടപടിക്രമങ്ങളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. മങ്കിപോക്‌സ് വൈറസ് വാക്‌സിന്‍ സൗദിയില്‍ ലഭ്യമാണ്. സംശയാസ്പദമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും മാത്രമാണ് നിലവില്‍ വാക്‌സിന്‍ നിര്‍ദേശിക്കപ്പെടുന്നത്.
രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ കണ്ടെത്തിയാല്‍ അവ ഐസൊലേഷന്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുകയും പൂര്‍ണമായും സുഖം പ്രാപിക്കുന്നതു വരെ ആവശ്യമായ ആരോഗ്യ പരിചരണം നല്‍കുകയും ചെയ്യും. സൗദിയില്‍ ഇതുവരെ കുരങ്ങുപനി (മങ്കിപോക്‌സ്) ടൈപ്പ്-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി -വിഖായ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതു പ്രകാരം ആഗോള തലത്തില്‍ മങ്കിപോക്‌സ് വ്യാപനം വര്‍ധിച്ചുവരികയാണ്. വൈറസിന്റെ ടൈപ്പ്-1 വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയിലെ ആരോഗ്യ സംവിധാനം ശക്തവും ഫലപ്രദവുമാണ്. പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കഴിവുണ്ട്. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ ശക്തമായ നിരീക്ഷണത്തിനും വൈറസ് വ്യാപനം തടയാനും രാജ്യം എല്ലാ പ്രതിരോധ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളുടെ വ്യാപന സാധ്യതയോടുള്ള പ്രതികരണം ഉറപ്പാക്കുന്ന നിരവധി പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പദ്ധതികളും എപ്പിഡെമിയോളജിക്കല്‍ അന്വേഷണ നടപടിക്രമങ്ങളും പകര്‍ച്ചവ്യാധികളോടുള്ള പ്രതികരണവും സൗദിയിലുണ്ട്. ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മങ്കിപോക്‌സ് വൈറസ് പൊട്ടിപ്പുറപ്പെടുകയോ വ്യാപിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു.