കൽപ്പറ്റ: നേരം ഇരുട്ടി വെളുക്കും മുമ്പേ ഉറ്റവരും ഉടയവരുമുൾപ്പെടെ സർവ്വതും നഷ്ടമായി വയനാട്ടിൽ തീരാദുരിതത്തിൽ കഴിയുന്നവർക്കുള്ള സർക്കാറിന്റെ അടിയന്തര ആശ്വാസ ധനം ലഭിച്ചതിന് പിന്നാലെ ബാങ്കിന്റെ പിടിച്ചുപറി. ബാങ്ക് വായ്പയുടെ മറവിലാണ് ദുരിതബാധിതരോടുള്ള ഈ ഇ.എം.ഐ ക്രൂരത.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്നാണ് ബാങ്ക് അധികൃതർ ഇ.എം.ഐ പിടിച്ചത്. സർക്കാരിൽ നിന്നുളള ആദ്യഘട്ട ധനസഹായം ഇരകളുടെ അക്കൗണ്ടിൽ വന്നതിന് തൊട്ടു പിന്നാലെയാണ് അടിയന്തര ആവശ്യങ്ങൾക്കായി അനുവദിച്ച തുക ഒറ്റയടിക്ക് ബാങ്ക് ഇ.എം.ഐ ആയി പിടിച്ചെടുത്തത്.
വീടു പണിക്കും നിത്യജീവിതത്തിനും കൃഷിക്കും മറ്റുമായി ബാങ്കുകളിൽനിന്ന് ലോൺ എടുത്ത വയനാട്ടിലെ ദുരന്തബാധിതരിൽനിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിയും(എസ്.എൽ.ബി.സി) സംസ്ഥാന സർക്കാറും ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതോടെ അതെല്ലാം പാഴ്‌വാക്കായിരിക്കുകയാണ്.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾ വായ്പയ്ക്കായി ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ദുരന്തത്തിന്റെ ഇരകളായ ഈ പാവപ്പെട്ടവരുടെ പണമാണ് സർക്കാർ സഹായം വന്ന ഉടനെ യാതൊരു കാരുണ്യവുമില്ലാതെ ബാങ്ക് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ, എസ്.എൽ.ബി.സിയുടെ വിശദമായ റിപോർട്ട് കിട്ടിയാലെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീണ ബാങ്കിന്റെ വിശദീകരണം.
വീടുപണിക്കായി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് അമ്പതിനായിരം രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോൾ ഉൾപ്പെടെയുള്ളവർക്കാണീ ദുരനുഭവമുണ്ടായത്. പശുക്കളെ വാങ്ങാനായി കേരള ഗ്രാമീണ ബാങ്കിൽ നിന്ന് ലോണെടുത്ത രാജേഷ് ഉൾപ്പെടെ പലരുടെയും പണം ഇവ്വിധം ബാങ്ക് പിടിച്ചെടുത്തിട്ടുണ്ട്. ‘വീടും പശുക്കളുമെല്ലാം ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയെങ്കിലും ജീവൻ മാത്രം ബാക്കിയായി. അക്കൗണ്ടിലേക്ക് സർക്കാരിൽ നിന്നുളള അടിയന്തര ധനസഹായം ലഭിച്ചതിന് പിന്നാലെ ബാങ്ക് തിരിച്ചടക്കാനുള്ള തുക കൃത്യമായി പിടിച്ചെടുത്തതായും’ രാജേഷ് പ്രതികരിച്ചു.
കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതുപോലെ ചെയ്തില്ലെങ്കിലും മറ്റു ബാങ്കുകൾ തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും നൽകണമെന്നാണ് ദുരന്തബാധിതരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യം.