റിയാദ്- സൗദി ജൂനിയര്‍ അണ്ടര്‍ 19 ബാഡ്മിന്റണ്‍ കിങ്ഡം ടൂര്‍ണമെന്റില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് ഇരട്ട സ്വര്‍ണം. ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസില്‍ തുടര്‍ച്ചയായ സ്വര്‍ണ നേട്ടത്തിന് പിന്നാലെയാണ് മലയാളി താരത്തിന് ഈ നേട്ടമുണ്ടായത്. സൗദി അറേബ്യയിലെ 30 ക്ലബുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലാണ് ഈ സ്വര്‍ണ നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്കുള്ള യോഗ്യതയും നേടി.
സിംഗ്ള്‍സിലും ഡബിള്‍സിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി ബാഡ്മിന്റണിലെ ആധിപത്യം തുടരുകയാണ് ഈ താരം. റിയാദ് ഗ്രീന്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 14 മുതല്‍ 16 വരെ നടന്ന ടൂര്‍ണമെന്റിലാണ് സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ ഖദീജ വിജയ കിരീടം ചൂടിയത്. സൗദിയിലെ പ്രമുഖ ക്ലബ്ബുകളായ ഇത്തിഹാദും ഹിലാലും തമ്മിലായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇത്തിഹാദ് ക്ലബ്ബിന് വേണ്ടി കളിച്ച ഖദീജ നിസ എതിരാളിയെ പരാജയപ്പെടുത്തി വിജയ കിരീടം ചൂടുകയായിരുന്നു.
സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഖദീജ നിസ സൗദി അറേബ്യക്കായി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണമുള്‍പ്പടെ 10 മെഡലുകള്‍ നേടിയിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്ന് മെഡലുകള്‍ നേടി സൗദി അറേബ്യയുടെ പതാക ഉയര്‍ത്തി. താരത്തിന്റെ വിസ്മയകരമായ പ്രകടനം ശ്രദ്ധയില്‍പെട്ട ഇത്തിഹാദ് ക്ലബ്ബ് തങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു.