കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കായുള്ള ഡി.വൈ.എഫ്.ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച പോർക്ക് ഫെസ്റ്റിലൂടെ മതനിന്ദയാണ് ഒളിച്ചുകടത്തുന്നതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയായ നാസർ ഫൈസി കൂടത്തായി പറഞ്ഞു.
വയനാട്ടിലെ ദുരിതബാധിതരിൽ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതുന്നവരാണ്. അനുവദനീയമായ ഭക്ഷണം പലതും ചലഞ്ചാക്കാമായിരുന്നിട്ടും നിഷിദ്ധ ഭക്ഷ്യത്തിലൂടെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാൽ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണെന്ന് നാസർ ഫൈസി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.
നാസർ ഫൈസിയുടെ കുറിപ്പ് ഇങ്ങനെ:
ചലഞ്ചിൽ ഒളിച്ച് കടത്തുന്ന മത നിന്ദ
മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസം.
വയനാട്ടിലെ ദുരിതത്തിൽ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നൽകുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാൽ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ന്യായം’ അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല.
- നാസർ ഫൈസി കൂടത്തായി