ന്യൂഡല്‍ഹി: ഇന്ത്യയുടെ വീരനായിക വിനേഷ് ഫൊഗട്ടിന് ഊഷ്മള വരവേല്‍പ്പ്. പാരിസില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അല്‍പ്പം മുമ്പ് എത്തിയ താരത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിനേഷിന്റെ ഉറ്റ സുഹൃത്തുക്കളായ സാക്ഷി മാലിക്ക്, ബജ് രങ് പൂനിയ എന്നിവരും താരത്തെ സ്വീകരിക്കാനെത്തിയിരുന്നു. പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം റെസ്ലിങ് മല്‍സരത്തില്‍ 100 ഗ്രാം അധിക ഭാരമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൊഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ട് വെള്ളി മെഡല്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ ഞെട്ടിച്ച വിധി. വിധിക്കെതിരേ കായിക കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.അതിനിടെ താരം വിരമിക്കല്‍ പ്രഖ്യാപനം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിധി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി കരിയര്‍ 2032 വരെ തുടരും. ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. അതിനിടെ കായിക കോടതിയുടെ വിധിക്കെതിരേ ഇന്ത്യ വീണ്ടും കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group