സ്റ്റോക്‌ഹോം: ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, ആഫ്രിക്കയിൽ പടർന്നുപിടിച്ച എംപോക്‌സ് രോഗത്തിന്റെ ആദ്യ കേസ് സ്വീഡനിൽ സ്ഥിരീകരിച്ചു. എംപോക്‌സിന്റെ ക്ലേഡ് 1 അതീവ ഗുരുതര വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി ജേക്കബ് ഫോർസ്‌മെഡ് അറിയിച്ചു.
ആഫ്രിക്കയ്ക്ക് പുറത്ത് ഇതാദ്യമായാണ് എംപോക്‌സ് വകഭേദം സ്ഥിരീകരിക്കുന്നതെന്നാണ് റിപോർട്ടുകൾ. ആഫ്രിക്കയിൽ എംപോക്‌സ് ബാധിത മേഖല സന്ദർശിച്ചതാണ് ഈ വ്യക്തിയിലേക്ക് രോഗം പകരാൻ കാരണമായതെന്നാണ് സൂചന. രോഗബാധിതനായ ആൾക്കുള്ള ചികിത്സ ആരംഭിച്ചതായി ആരോഗ്യവൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത സമ്പർക്കത്തിലൂടെയാണ് പൊതുവെ എംപോക്‌സ് പകരുന്നത്. പൊതുവെ അപകടകാരിയല്ലെങ്കിലും ചില ഘട്ടങ്ങളിൽ ജീവന് തന്നെ ആപത്താണീ രോഗം.
ക്ലേഡ് 1, ക്ലേഡ് 2 എന്നീ വകഭേദങ്ങളാണ് ഇതിന് പ്രധാനമായും ഉള്ളത്. ക്ലേഡ് 1 ആണ് ഇതിൽ ഗുരുതരമായ വകഭേദം. ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളും ത്വക്കിൽ പഴുപ്പ് നിറഞ്ഞ മുറിവുകളും ഈ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കോംഗോ, ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ രോഗം പടരുന്നതായാണ് റിപോർട്ട്. രോഗം അതിവേഗം പടരുന്നുവെന്നതും, കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. ഇതുവരെ 13000-ത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 450-ലേറെ മനുഷ്യജീവനുകൾ നഷ്ടമാവാനും ഇടയാക്കിയിട്ടുണ്ട്.
എന്താണ് എംപോക്‌സ് രോഗം?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.
1970-ൽ കോംഗോയിൽ ഒൻപത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയത്. വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെ ലോകാരോഗ്യസംഘടന ഇതിന്റെ പേരുമാറ്റി എംപോക്‌സ് എന്ന് വിളിക്കുകയായിരുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു.
പകർച്ചയും ലക്ഷണങ്ങളും
വിവിധ ഇനം കുരങ്ങുകൾ, എലികൾ, അണ്ണാൻ എന്നിവയുൾപ്പെടെയുള്ളവയിൽനിന്ന് എംപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എംപോക്‌സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. അടുത്ത സമ്പർക്കത്തിലൂടെയും എംപോക്‌സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടാൻ മറക്കരുത്.